തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ മാർക്കുദാനം സംബന്ധിച്ച പരാതിയിൽ ഗവർണർ വിളിച്ച യോഗത്തിൽ മന്ത്രി കെ ടി ജലീലിന് രൂക്ഷ വിമർശനം. മന്ത്രി ഇടപെട്ട് നടത്തിയ അദാലത്ത് ചട്ടവിരുദ്ധവും ലജ്ജാകരവുമാണെന്ന് ഗവർണർ വിലയിരുത്തിയതായി സേവ് യൂണിവേഴ്‌സിറ്റി ഫോറം പ്രവർത്തകർ പറഞ്ഞു.
സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാനവും ക്രമക്കേടുകളും ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് ഗവർണർ ശനിയാഴ്ച യോഗം വിളിച്ചത്. മന്ത്രിമാരും പ്രൈവറ്റ് സെക്രട്ടറിമാരും അദാലത്തുകൾ നടത്തുന്നത് ചട്ട വിരുദ്ധമാണെന്നും ഗവർണർ വ്യക്തമാക്കി. ചട്ടവിരുദ്ധമായി കാര്യങ്ങൾക്ക് രാഷ്‌ട്രീയ ഇടപെടലുകളോ സമ്മർദങ്ങളോ ഉണ്ടായാൽ വിസിമാർ വഴങ്ങരുതെന്നും അത്തരം സാഹചര്യമുണ്ടായാൽ ഗവർണറെ അറിയിക്കുകയാണ് വേണ്ടതെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കാനുള്ള ചുമതല വിസിമാർക്ക് ആണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.