തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കൂട്ടപരിശോധനകളുടെ ഫലം കൂടി വരുന്നതോടെ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകും. 3,00,971 സാമ്പിളുകളാണ് കൂട്ടപരിശോധനയ്ക്കായി ശേഖരിച്ചത്. ഇതിൽ 1,08,898 സാമ്പിളുകളുടെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോൾ പോസിറ്റിവിറ്റി നിരക്ക് 16.77 ശതമാനമായി ഉയർന്നു.
വരും ദിവസങ്ങളിൽ 20ന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്തുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. സംസ്ഥാനത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്. നിലവിൽ 93,686 പേരാണ് ചികത്സയിലുള്ളത്.
കൂടുതൽ വായിക്കാൻ: ഡൽഹിയിൽ ഇന്ന് രാത്രി മുതല്‍ ലോക്ക് ഡൗണ്‍
ഐസിയുകളുടെയും വെന്‍റിലേറ്ററുകളുടെയും ക്ഷാമം നേരിടാനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ നിന്ന് കൂടുതൽ കിടക്കകൾ വാങ്ങും. കൂടുതൽ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളും ഒരുക്കുകയാണ്.
അതേസമയം കൊവിഡ് വാക്സിനേഷൻ വാക്സിൻ ക്ഷാമം മൂലം പ്രതിസന്ധിയിലാണ്. 50 ലക്ഷം ഡോസ് വാക്സിൻ നൽകണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 59 ലക്ഷം പേർക്കാണ് സംസ്ഥാനത്ത് വാക്സിനേഷൻ നൽകിയത്. കൂടുതൽ ഡോസ് വാക്സിൻ അടുത്ത ദിവസങ്ങളിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങളും സർക്കാർ കർശനമാക്കുകയാണ്. കേരളത്തിലെ വരുന്നവർക്ക് ആർടിപിസിആർ പരിശോധന ഫലം കഴിഞ്ഞ ദിവസം നിർബന്ധമാക്കിയിരുന്നു. മൈക്രോ കണ്ടെയിൻമെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം. അതിർത്തിയിൽ ഉൾപ്പടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.