തിരുവനന്തപുരം: നടി ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. മന്ത്രി എ കെ ബാലൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. അഭിനയത്തേക്കാൾ സന്തോഷം പകരുന്നതാണ് ചിത്രം വരയെന്ന് ഷീല പറഞ്ഞു.
സിനിമയിൽ നിന്ന് മാറിനിന്ന കാലത്ത് വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിച്ചതെന്ന് ഷീല പറഞ്ഞു. യാത്രയ്ക്കിടെ കാമറയിൽ പകർത്തിയ ചിത്രങ്ങളും കാഴ്ചകളുമാണ് വരയ്ക്ക് ആധാരം. സ്ത്രീകൾക്ക് പുരുഷനെക്കാൾ ഭംഗിയുള്ളതിനാൽ കൂടുതലും സ്ത്രീകളെയാണ് വരയ്ക്കുന്നത്. ആധുനിക രചനകളിലാണ് ഇപ്പോൾ ശ്രദ്ധയൂന്നുന്നതെന്നും ഷീല പറഞ്ഞു. റഷ്യൻ കൾച്ചറൽ സെന്ററിലായിരുന്നു പ്രദർശനം.