തിരുവനന്തപുരം: കൂടുതൽ സിനിമകൾ ചെയ്യാനും സിനിമയെക്കുറിച്ച് പഠിക്കാനും പ്രചോദനം തരുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് നടി ഗ്രേസ് ആന്‍റണി. ആദ്യമായാണ് മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. അദ്ദേഹത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും റോഷാക്ക് എന്ന ചിത്രത്തിലൂടെ സാധിച്ചുവെന്നും ഗ്രേസ് ആന്‍റണി തിരുവനന്തപുരത്ത് നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ പറഞ്ഞു.
ഏത് പ്രായക്കാരുടെ കൂടെയാണ് സംസാരിക്കുന്നതും അഭിനയിക്കുന്നതുമെങ്കിലും മമ്മൂക്ക ആ പ്രായക്കാരനായി മാറും. ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നിരവധി സീനുകൾ ഉണ്ടായിരുന്നുവെന്നും ഗ്രേസ് ആന്‍റണി പറഞ്ഞു.
നടൻ എന്ന നിലയിൽ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചത് ആദ്യമായിട്ടാണെന്ന് കോട്ടയം നസീർ പറഞ്ഞു. മീറ്റ് ദി പ്രസിൽ നടന്മാരായ സഞ്ജു ശിവറാം, റിയാസ് നർമകല തുടങ്ങിയവർ പങ്കെടുത്തു.
മമ്മൂട്ടിയുടെ നിർമാണ സംരംഭമായ മമ്മൂട്ടി കമ്പനിയുടേതായി റിലീസ് ചെയ്‌ത ആദ്യ ചിത്രമാണ് റോഷാക്ക്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്‌ദുൽ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്‍റെ ആദ്യ ചിത്രമായ 'കെട്ട്യോളാണ് എന്‍റെ മാലാഖ' വമ്പന്‍ വിജയമാക്കി തീര്‍ത്ത നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്‌തത്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് തിയറ്ററുകളിൽ എത്തിച്ചത്. വെള്ളിയാഴ്‌ച റിലീസ് ചെയ്‌ത സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്.
Also Read: കൈയടി നേടി ലൂക്ക് ആന്‍റണി; ആദ്യ ദിനം കോടികള്‍ വാരിക്കൂട്ടി റോഷാക്ക്