തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നടന്‍ പ്രേം കുമാര്‍ ചുമതലയേറ്റു. ബീനാപോള്‍ കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവിലാണ് പ്രേം കുമാറിൻ്റെ നിയമനം. മൂന്ന് വർഷത്തേക്കാണ് പ്രേം കുമാറിന്‍റെ നിയമനം. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്കിലെ അക്കാദമിയുടെ ആസ്ഥാന മന്ദിരത്തിലെത്തി പ്രേം കുമാർ സ്ഥാനമേറ്റെടുത്തു.
പ്രേം കുമാറിനെ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായി നിയമിച്ചുകൊണ്ട് ഫെബ്രുവരി 18നാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. അടുത്തിടെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരിറക്കിയിരുന്നു. സംവിധായകൻ കമലിന്‍റെ പിൻഗാമിയായാണ് രഞ്ജിത്തിന്‍റെ നിയമനം.
മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന സർക്കാറിന്‍റെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങൾ പ്രേം കുമാറിന് ലഭിച്ചിട്ടുണ്ട്. നൂറിൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ചലച്ചിത്രത്തിന് വേണ്ടി കേരള സർക്കാരിന്‍റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി.