തിരുവനന്തപുരം: മകൾക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പിതാവിനെ അധിക്ഷേപിച്ച സംഭവത്തിൽ എഎസ്ഐയ്‌ക്ക് സ്ഥലംമാറ്റം. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറിനെതിരെയാണ് നടപടി. ഇയാളെ ഇടുക്കി ക്യാമ്പിലേക്കാണ് മാറ്റിയത്. പൊലീസുകാരൻ അപമര്യാദയായി പെരുമാറുന്ന വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനുള്ള ചുമതല ഡിഐജിയ്ക്കാണ്.
കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട പരാതി നൽകാനെത്തിയപ്പോഴാണ് നെയ്യാർ ഡാം സ്വദേശി സുദേവനോട് പൊലീസ് മോശമായി പെരുമാറിയത്. നവംബർ 22നാണ് സുദേവൻ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ ഗോപകുമാർ സുദേവനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഗോപകുമാറിനോട് അടിയന്തരമായി ബറ്റാലിയനിൽ റിപ്പോർട്ട് ചെയ്യാൻ ഡിജിപിയാണ് ഉത്തരവിട്ടത്.