തിരുവനന്തപുരം : അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മാല മോഷ്‌ടിച്ച കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും. അവനവഞ്ചേരി തേബ്രവിള വീട്ടിൽ കുമാറാണ് കേസിലെ പ്രതി. ഐപിസി 393-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. സ്ത്രീകള്‍ക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്.
2006 സെപ്റ്റംബർ 14നാണ് കേസിനാസ്‌പദമായ സംഭവം. അഞ്ചാം ക്ലാസിൽ പഠിക്കുന്ന 10 വയസുള്ള പെൺകുട്ടി ട്യൂഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് സഹോദരനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങി വരവെ ആറ്റിങ്ങൽ കള്ളൻവിളയില്‍ വച്ച് പ്രതി കുട്ടിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
Also Read: കൈക്കൂലി കേസ് : പി.ആർ.ഡി ഉദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി
സംഭവം കണ്ട് നിലവിളിച്ച സഹോദരന്‍റെ വായ പ്രതി പൊത്തിപ്പിടിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്‌തു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പ്രതി ഓടിപ്പോവുകയായിരുന്നു.
ആറ്റിങ്ങൽ പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയും 2007ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. സമാനമായ മറ്റൊരു കേസിൽ ശിക്ഷ ലഭിച്ച പ്രതി ജയിലിൽ കഴിയുകയാണ്. കേസിൽ മൊത്തം 12 സാക്ഷികളെ കോടതി വിസ്‌തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം അജിത് പ്രസാദ് ഹാജരായി.