തിരുവനന്തപുരം : നിയസഭ കയ്യാങ്കളി കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍. കുറ്റപത്രം വായിക്കുന്നതിനായി കോടതിയില്‍ ഹാജരായപ്പോഴാണ് പ്രതികള്‍ കുറ്റം നിഷേധിച്ചത്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടപടികള്‍.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ ഇ പി ജയരാജന്‍ ഒഴികെയുള്ള പ്രതികള്‍ ഇന്ന് ഹാജരായിരുന്നു. ഇവരാണ് കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിഷേധിച്ചത്.
കേസിന്‍റെ വിചാരണ തീയതി ഈ മാസം 26ന് കോടതി തീരുമാനിക്കും. ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അവധിയായതിനാല്‍ സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ പ്രവീണ്‍ ആണ് ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടിയാണ് ഇ പി ജയരാജന്‍ ഇന്ന് ഹാജരാകാതിരുന്നത്.
കണ്ണൂരിലെ വീട്ടില്‍ വിശ്രമത്തിലാണെന്ന് ജയരാജന്‍റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചു. ഇന്ന് ഹാജരാകാത്തതിനാല്‍ ഇ പി ജയരാജനെതിരായ കുറ്റപത്രം ഈ മാസം 26ന് വായിക്കും. അന്ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് കോടതി ജയരാജന് നിര്‍ദേശം നല്‍കി.
കേസിലെ പ്രധാന തെളിവായി നിയമസഭയില്‍ അന്ന് നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളടങ്ങിയ സിഡി പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് നല്‍കാമെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. പത്ത് ദിവസത്തിനകം ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിഡി പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് നല്‍കാന്‍ സിജെഎം കോടതി നിര്‍ദേശിച്ചു.
5 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്ത കുറ്റപത്രമാണ് കേസന്വേഷിച്ച ക്രൈബ്രാഞ്ച് സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയും ഹൈക്കോടതിയിലോ, സുപ്രീം കോടതിയിലോ ഇല്ലെന്ന കാര്യം കഴിഞ്ഞ തവണ പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി ഇന്ന് കേസിലെ മുഴുവന്‍ പ്രതികളോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്.
Also Read: നിയമസഭ കയ്യാങ്കളി കേസ് : കുറ്റപത്രം ഏകപക്ഷീയമെങ്കില്‍ നിരപരാധിത്വം തെളിയിക്കുമെന്ന് വി ശിവൻകുട്ടി
2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്‌ടം വരുത്തി എന്നാണ് കേസ്.