തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരൻ്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ ഏടാട്ട് സ്വദേശി മനോജാണ് അറസ്റ്റിലായത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ഇയാളെ പിടികൂടിയത്.
മനോജ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പരസ്‌പര വിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇയാൾ വി മുരളീധരന്‍റെ വീട് ആക്രമിച്ചത്. മന്ത്രി തലസ്ഥാനത്തെത്തുമ്പോള്‍ താമസിക്കുന്ന, കൊച്ചുള്ളൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം മകയിരം എന്ന വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. മോഷണ ശ്രമമെന്നായിരുന്നു പൊലീസിന്‍റെ ആദ്യനിഗമനം.
വീടിന്‍റെ മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍ തകർത്തിരുന്നു. വീടിന് പുറകുവശത്തുകൂടി മുകളിലേക്ക് കയറാനും ശ്രമം നടത്തി. അതിനിടെ മനോജിന് പരിക്കേല്‍ക്കുകയും ചെയ്‌തു. വീടിന്‍റെ പുറത്തും വീടിനകത്തെ പടിക്കെട്ടിലും ഇയാളുടേതെന്ന് കരുതപ്പെടുന്ന ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. ആക്രമണ സമയത്തേറ്റ പരിക്കാണ് മനോജിനെ വേഗത്തിൽ കണ്ടെത്താൻ പൊലീസിന് സഹായമായത്.
സംഭവം നടക്കുമ്പോള്‍ മന്ത്രിയോ ജോലിക്കാരോ വീടിനുള്ളിലുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ അന്വേഷണം. തുടർന്ന് ഉള്ളൂർ ജങ്ഷൻ വരെ ഇയാൾ അന്ന് രാത്രി എത്തിയതായി പൊലീസ് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇയാൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സ്വഭാവക്കാരനാണെന്ന് പൊലീസ് മനസിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം കിടന്ന് ഉറങ്ങുന്നതായി കണ്ടെത്തി.
ഹോട്ടൽ ജോലിക്കായി 12 വർഷം മുൻപാണ് ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. തുടർന്ന് ശ്രീകാര്യത്തെ ഒരു ഹോട്ടൽ മുറിയിലാണ് താമസിച്ച് വന്നിരുന്നത്. തനിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും അത് പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമേ സാധിക്കൂ എന്നും അതിനാലാണ് വി മുരളീധരന്‍റെ വീട് ആക്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.