തിരുവനന്തപുരം: ന്യൂഡല്‍ഹിയിലെ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ മാതൃക പഠിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തിയെന്ന് ആം ആദ്മി പാര്‍ട്ടി (ആപ്പ്) ഡല്‍ഹി ഘടകത്തിന്‍റെയും ഡല്‍ഹി ആപ്പ് എം.എല്‍.എയുടെയും അകാശവാദം മന്ത്രി വി.ശിവന്‍കുട്ടി നിഷേധിച്ചതോടെ ഖേദം പ്രകടിപ്പിച്ച് കേരള ഘടകവും തലയൂരി.
ഏപ്രില്‍ 23നാണ് ഇത്തരത്തിലൊരു ട്വീറ്റ് ആപ്പ് ഡല്‍ഹി ഘടകവും ഡല്‍ഹി എം.എല്‍.എ അദിഷിയും ചിത്രങ്ങള്‍ സഹിതം പോസ്റ്റ് ചെയ്തത്. പോസ്റ്റ് കണ്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ അറിയിച്ചു. പോയ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആരായാന്‍ ഉടന്‍ തന്നെ വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇത്തരത്തില്‍ ആരും ഡല്‍ഹിയില്‍ പോയിട്ടില്ലെന്ന മറുപടി മന്ത്രിക്കു ലഭിച്ചതോടെ ദാ വരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ മറുപടി ട്വീറ്റ്. കേരള സര്‍ക്കാര്‍ ആരെയും ഇത്തരത്തില്‍ ചുമതലപ്പെടുത്തിയിട്ടില്ല. മാത്രമല്ല കുറച്ചു ദിവസം മുന്‍പ് കേരള മാതൃക പഠിക്കാന്‍ വന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടെന്നും ആം ആദ്മി എം.എല്‍.എ ആരെയാണ് സ്വീകരിച്ചതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും ശിവന്‍കുട്ടി ട്വീറ്റ് ചെയ്തു.
ഇതോടെ ശരിക്കും ആപ്പിലായ അദിഷി എം.എല്‍.എ, ഡല്‍ഹിയില്‍ എത്തിയത് ഉദ്യോഗസ്ഥരല്ല സി.ബി.എസ്.ഇ അസോസിയേഷന്‍ എന്ന് തിരുത്തി വീണ്ടും ട്വീറ്റ് ചെയ്തു. അദിഷിയുടെ എം.എല്‍.എയുടെ അവകാശ വാദം ഉയര്‍ത്തിപ്പിടിച്ച് ആദ്യം രംഗത്തു വന്ന ആം ആദ്മി കേരള ഘടകവും തെറ്റായ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ചു. സന്ദര്‍ശനം നടത്തിയവര്‍ ആരൊക്കെയായിരുന്നെന്നും ആം ആദ്മി പാര്‍ട്ടിയുടെ ഫേസ്‌ബുക്കില്‍ വന്ന ഒരു വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടിയതില്‍ നന്ദിയെന്നും കുറിപ്പല്‍ പറയുന്നു.
സി.ബി.എസ്.സി സ്‌കൂള്‍സ് റീജിയണല്‍ സെക്രട്ടറി വിക്ടര്‍ തെക്കേക്കര, കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ സ്‌കൂള്‍സ് ട്രഷറര്‍ ഡോ.എം.ദിനേശ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചതെന്നും ആം ആദ്മി കേരള ഘടകം വ്യക്തമാക്കി. ആപ്പിനെ ആരോ ആപ്പിലെക്കിയെന്നായിരുന്നു ഇതിന് ഫേസ് ബുക്കിലൂടെ മന്ത്രിയുടെ പരിഹാസം.