തിരുവനന്തപുരം: ആധാർ കാർഡുകൾ ആക്രിക്കടയിൽ നിന്ന് കണ്ടെത്തി. കരകുളം പോസ്റ്റ് ഓഫിസ് പരിധിയിലെ 306 പേർക്കുള്ള ആധാർ കാർഡുകളാണ് ആക്രിക്കടയിൽ നിന്ന് കണ്ടെത്തിയത്. കവറുകളിൽ പോസ്റ്റൽ സീൽ പതിച്ച നിലയിലായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഓട്ടോറിക്ഷയിൽ എത്തിയ ഒരാൾ ചാക്കിൽ ന്യൂസ് പേപ്പറിനും മറ്റ് കടലാസുകൾക്കുമൊപ്പം ആധാറും തൂക്കി വിറ്റത്. ഇന്ന് രാവിലെ കട നടത്തിപ്പുകാരനായ തമിഴ്‌നാട് സ്വദേശി അൻപ്, കടലാസുകളുടെ തൂക്കം നിശ്ചയിക്കുമ്പോഴാണ് കടക്ക് സമീപം നിന്ന ന്യൂസ് പേപ്പർ ഏജൻ്റ് പേപ്പറിനൊപ്പം ആധാറുകൾ കാണുന്നത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
കാട്ടാക്കട പൊലീസ് സ്ഥലത്തെത്തി ആധാർ കാർഡുകൾ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആധാറിന് പുറമെ 2015 മുതലുള്ള ഇൻ്റർവ്യൂ കാർഡുകൾ, തപാൽ വഴി വിതരണം ചെയ്യേണ്ട ആനുകാലികങ്ങൾ, ബാങ്ക്, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുമുള്ള അടിയന്തര പ്രാധാന്യമുള്ള കത്തുകളും മറ്റ് രേഖകളുമുണ്ട്. ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ആധാർ കാർഡുകൾ ആക്രിക്കടയിൽ എത്തിയ സാഹചര്യത്തെക്കുറിച്ച് കരകുളം പോസ്റ്റ് ഓഫിസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് കാട്ടാക്കട സിഐ ബിജുകുമാർ പറഞ്ഞു.