തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പേരില്‍ ശബരിമലയില്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനായിരുന്നു താന്‍ പ്രധാനമായും ശ്രമിച്ചതെന്ന് സ്ഥാനമൊഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍.
സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, വിശ്വാസസമൂഹം തുടങ്ങി എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള ഇടപെടലാണ് തന്‍റെ ഭാഗത്ത് നിന്നുണ്ടായത്. സര്‍ക്കാരിനും വിശ്വാസസമൂഹത്തിനുമിടയില്‍ നില്‍ക്കേണ്ടി വന്നത് ഒരു ബുദ്ധിമുട്ടല്ല, മറിച്ച് ചരിത്ര നിയോഗമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ബോര്‍ഡിനും സര്‍ക്കാരിനും ബാധ്യതയുണ്ട്. ദേവസ്വം ബോര്‍ഡിനാകട്ടെ ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യതയുമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ദേവസ്വം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് ആരോപണം മാത്രമാണ്. സാമ്പത്തിക രംഗത്ത് മികച്ച അച്ചടക്കത്തോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷവും ബോര്‍ഡ് മുന്നോട്ടുനീങ്ങിയത്. അമ്പലപ്പുഴ പാല്പ്പായസത്തിന്റെ പേര് ഗോപാലകഷായം എന്നാക്കി മാറ്റിയെന്നത് വെറും പ്രചരണം മാത്രമാണ്. നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണുണ്ടായത്. ഇനി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം സ്ഥാനത്ത് ഒരാള്‍ തുടരാന്‍ പാടില്ലെന്ന ഇടതുസര്‍ക്കാരിന്‍റെ നയത്തെ അതേപോലെ ഉള്‍ക്കൊള്ളുകയാണെന്നും പത്മകുമാര്‍ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.