തിരുവനന്തപുരം : മ്യൂസിയം പരിസരത്ത് സ്‌ത്രീക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ വനിത കമ്മിഷൻ കേസെടുത്തു. ആക്രമണം നടത്തിയവരെ കുറിച്ച് പൊലീസിന് ഇതുവരെയും ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിന് രാത്രി 11.45നാണ് കേസിനാസ്‌പദമായ സംഭവം.
തിരുവനന്തപുരത്തെ കനകക്കുന്നിൽ നടക്കുന്ന മാതൃഭൂമി 'ക' ഫെസ്റ്റിവലിൽ പങ്കെടുത്ത് തിരികെ കനക നഗറിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് യുവതിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം ആക്രമിച്ചത്. ഇവരുടെ കഴുത്തിലും മുഖത്തും ബൈക്കിൽ എത്തിയ ആക്രമി സംഘം അടിക്കുകയായിരുന്നു. സംഭവത്തിൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
എന്നാൽ ആക്രമണം നടന്ന് രണ്ട് ദിവസമായിട്ടും പ്രതിയെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വ്യാപകമായി ശേഖരിച്ചുവരികയാണ്. അതേസമയം മ്യൂസിയം പ്രദേശത്ത് സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമം വർധിച്ചുവരുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
സൈക്കിളിൽ സഞ്ചരിച്ചിരുന്ന യുവതിയെയും യുവാവിനെയും ബൈക്കിൽ മദ്യപിച്ച് എത്തിയ സംഘം ആക്രമിച്ചതും അടുത്തിടെ ആയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള വഴുതക്കാട് ജങ്‌ഷനിൽ വച്ച് അടുത്തിടെ ഒരു സ്‌ത്രീയുടെ മാല പൊട്ടിച്ച പ്രതികളെയും ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്‌ത്രീകൾക്കെതിരായി മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടാവുന്ന ആക്രമണങ്ങളിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കെയാണ് വനിത കമ്മിഷൻ വിഷയത്തിൽ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.