കാഠ്‌മണ്ഡു/തിരുവനന്തപുരം: നേപ്പാളിലെ ദമാനില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിൽ എത്തി. പ്രവീൺ കുമാർ നായർ (39), ഭാര്യ ശരണ്യ (34) , രഞ്ജിത്ത് കുമാർ(39), ഭാര്യ ഇന്ദു(35), മക്കളായ ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), വൈഷ്ണവ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്.
പ്രവീണും കുടുംബവും ചെമ്പഴത്തി ചെങ്കോട്ടുകോണം സ്വദേശികളാണ്. കോഴിക്കോട് കുന്നമംഗലം സ്വദേശികളാണ് രഞ്ജിത്തും കുടുംബവും. വിനോദസഞ്ചാര സംഘത്തിൽ 15 പേരാണ് ഉണ്ടായിരുന്നത്. കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഹീറ്റർ ഓൺ ചെയ്തിരുന്നുവെന്നാണ് വിവരം. ഇതിൽ നിന്നുമുണ്ടായ വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നാണ് വിവരം. കാണ്ഡ്മണ്ഡുവിൽ നിന്ന് 56 കിലോ മീറ്റർ അകലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ.
നേപ്പാളിൽ അപകടത്തിൽ മരിച്ച പ്രവീണും കുടുംബവും എഞ്ചിനീയറിംഗ് കോളജിലെ സഹപാഠികൾക്കൊപ്പം ഈ മാസം 19നാണ് വിനോദയാത്രക്ക് പോയത്. പ്രവീൺ വിദേശത്ത് നിന്നും കൊച്ചിയിലെത്തി കുടുംബത്തെയും കൂട്ടി യാത്ര പോവുകയായിരുന്നു.