തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്നും പിന്നിട്ട് ഗഗന്‍യാന്‍ തയ്യാറെടുപ്പിലേക്കു നീളുന്ന നേട്ടങ്ങളിലേക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ (Indian Space Research Centre) മാനം മുട്ടെയുള്ള വളര്‍ച്ചയ്ക്ക് തുടക്കമിട്ടത് കേരളത്തിന്‍റെ തലസ്ഥാനമായ തിരുവനന്തപുരത്തായിരുന്നു എന്നറിയുന്ന പുതുതലമുറക്കാര്‍ ഒരു പക്ഷേ വിരലിലെണ്ണാവുന്നവര്‍ മാത്രമാകും (First rocket launch at Thumba).
തിരുവനന്തപുരം നഗരത്തോടു ചേര്‍ന്നു കിടക്കുന്ന കടലോര ഗ്രമാമായ തുമ്പയില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഒരു രാജ്യത്തിന്‍റെ ബഹിരാകാശ സ്വപ്‌നങ്ങള്‍ ഒരു റോക്കറ്റിന്‍റെ രൂപത്തില്‍ അതിരില്ലാത്ത ആകാശത്തിലേക്ക് കൊളുത്തി വിട്ടത് അന്നായിരുന്നു - 60 വര്‍ഷം മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1963 നവംബര്‍ 21 ന്.
1963 നവംബര്‍ 21 ന് വൈകിട്ട് 6.25 ന് തുമ്പയില്‍ നിന്ന് വിക്ഷേപിച്ചത് അമേരിക്കന്‍ നിര്‍മ്മിത റോക്കറ്റായിരുന്നു. ആ ചെറു റോക്കറ്റിന്‍റെ പേര് നൈക്ക് അപ്പാച്ചി എന്നായിരുന്നു. ഇന്ത്യന്‍ അണുശക്തി കമ്മിഷന്‍ചെയര്‍മാന്‍ സ്ഥാനത്ത് ഹോമി ജെ ഭാഭ തുടരുന്നതിനിടെയാണ് 1962 ല്‍ അണുശക്തി കമ്മിഷനു കീഴില്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ് റിസര്‍ച്ച് രൂപീകരിക്കുന്നത്.
എച്ച് ജെ ഭാഭയും മറ്റൊരു ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയും ചേര്‍ന്ന് ഇന്ത്യയില്‍ റോക്കറ്റ് വിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഇറങ്ങിത്തിരിച്ചു. വിക്ഷേപണത്തിന് ഉചിതമായി സ്ഥലം തേടി അവര്‍ രാജ്യത്ത് സഞ്ചരിക്കുന്നതിന്‍റെ ഭാഗമായാണ് തുമ്പയിലെത്തുന്നത്. ബഹിരാകാശ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ആവശ്യമായ കാന്തിക ഭൂമദ്ധ്യ രേഖയോടു ചേര്‍ന്നു കിടക്കുന്ന പ്രദേശവും കടലോര സാന്നിധ്യവുമാണ് ഒരു മത്സ്യ ബന്ധന ഗ്രാമമായ തുമ്പയെ തിരഞ്ഞെടുക്കുന്നതിലേക്കെത്തുന്നത്.
അനുയോജ്യമായ സ്ഥലം കണ്ടെത്തിയെങ്കിലും ആ സ്ഥലം റോക്കറ്റ് വിക്ഷേപണ കേന്ദ്രമാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ശാത്രജ്ഞരെ കുഴക്കി. തിരഞ്ഞെടുത്ത സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാകട്ടെ ലത്തീന്‍ രൂപതയുടെ സെന്‍റ് മേരീ മഗ്‌ദലീന്‍ പള്ളിയും പള്ളിയോടു ചേര്‍ന്നുള്ള പാഴ്‌സനേജും. വിശ്വാസികളാകട്ടെ കടന്നല്‍ക്കൂടുപോലിളകുന്ന മത്സ്യ തൊഴിലാളികളും. അവരുടെ ആരാധാന സ്ഥലം പൊളിച്ച് അവിടെ റോക്കറ്റ് വിക്ഷേപണം എന്നത് അവരെ സംബന്ധിച്ച് ആലോചിക്കാനാകാത്ത കാര്യവും.
ഒരു പപരിഹാരവും കാണാതിരുന്ന വിക്രം സാരാഭായി രണ്ടും കല്‍പിച്ച് പള്ളി വികാരിയെ സമീപിക്കാന്‍ തീരുമാനിച്ചു. അതൊരു ഞായറാഴ്‌ചയായിരുന്നു. പള്ളിയിലെ ആരാധന കഴിഞ്ഞ് ആളൊഴിഞ്ഞ നേരത്ത് വിക്രം സാരാഭായി പള്ളിമേടയിലെത്തി വികാരിയെ കണ്ടു. അദ്ദേഹം നിര്‍ദ്ദേശിച്ചതു പ്രകാരം ലത്തീന്‍ അതിരൂപത ബിഷപ്പ് പീറ്റര്‍ ബെര്‍ണാഡ് പെരേരയെ കണ്ടു. അദ്ദേഹം ഇക്കാര്യത്തില്‍ അനുകൂലമായി പ്രതികരിച്ചത് ശാസ്‌ത്രജ്ഞരിലെ പ്രത്യാശ ഇരട്ടിയാക്കി.
അടുത്ത ഞായറാഴ്‌ച പള്ളിയില്‍ ആരാധന കഴിഞ്ഞ ഉടന്‍ വിക്രം സാരാഭായിയും സംഘവും പള്ളിയിലെത്തി. വിശ്വാസികളോട് വികാരി ശാസത്രജ്ഞരുടെ ആഗമന ഉദ്ദേശ്യം വിവരിച്ചു. ബിഷപ്പിന് ഇക്കാര്യത്തിലുള്ള അഭിപ്രായവും അവരെ വികാരി അറിയിച്ചു. രാജ്യത്തിന്‍റെ ബഹിരാകാശ വളര്‍ച്ചയ്ക്ക് ഇത്രയേറെ സംഭാവന നല്‍കുന്ന ഒരു തുടക്കമാണിതെന്ന അറിവില്ലെങ്കിലും രാജ്യ താല്‍പ്പര്യത്തിനു വേണ്ടിയാണെന്ന് മനസിലാക്കിയ വിശ്വാസികള്‍ സ്വമനസാലെ തങ്ങളുടെ ആരാധനാലയം റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ വിട്ടു കൊടുക്കാന്‍ തയ്യാറായി. അതൊരു തുടക്കമായി. അങ്ങനെ തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷന്‍ നിലവില്‍ വന്നു.
ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പേലോഡുകള്‍ സൈക്കിളിനു പിന്നില്‍ വച്ചു കെട്ടിയും അമേരിക്കയില്‍ നിന്നുള്ള റോക്കറ്റുകള്‍ ജീപ്പിലും തുമ്പയിലെത്തിച്ചു. അമേരിക്കയിലെയും പഴയ യുഎസ്എസ്ആറിലെയും ഫ്രാന്‍സിലെയും ശാസ്ത്രജ്ഞരുടെ സഹായത്തോടെയായിരുന്നു വിക്ഷേപണം. 7 മീറ്റര്‍ ഉയരവും 715 കിലോഗ്രാം ഭാരവുമായിരുന്നു റോക്കറ്റുകള്‍ക്ക്. വാണം എന്നത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാത്രം കണ്ടിട്ടുള്ള തദ്ദേശീയര്‍ക്കു മുകളിലൂടെ ആഴ്‌ചയില്‍ ഒന്ന് എന്ന കണക്കിന് റോക്കറ്റ് പാഞ്ഞു.
180 കിലോമീറ്റര്‍ ഉയരത്തില്‍ ഫ്രഞ്ച് നിര്‍മ്മിത സോഡിയം പേലോഡ് വിന്യസിച്ചു. കാറ്റിന്‍റെ ദിശ, വേഗം, വ്യാപനം എന്നിവ കണ്ടെത്തുകയായിരുന്നു ദൗത്യം. കന്യാകുമാരി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ റോക്കറ്റിന്‍റെ ദൃശ്യം പകര്‍ത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചു. 1967 നവംബര്‍ 20 ന് ബഹിരാകാശ രംഗത്ത് രാജ്യം സ്വന്തം കാലില്‍ നില്‍ക്കാന്‍ പര്യാപ്‌തമായി. ഇന്നത്തെ ഭാഷയില്‍ ആത്മ നിര്‍ഭര്‍ ഭാരതിലെത്തി. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ സൗണ്ടിംഗ് റോക്കറ്റ് രോഹിണി തുമ്പയില്‍ നിന്ന് വിക്ഷേപിച്ചു.
1972 ലാണ് വിക്രം സാരാഭായിയുടെ സ്‌മരണാര്‍ത്ഥം ഇത് വിക്രം സാരാഭായി സ്‌പേസ് സെന്‍റര്‍ എന്ന് പുനര്‍ നാമകരണം ചെയ്‌തത്. തുമ്പ വിഎസ്എസ്എസിയിലാണ് ഡോ. എപികെ അബ്‌ദുള്‍ കലാം ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ തന്‍റെ പ്രൊഫഷന് തുടക്കം കുറിക്കുന്നത്. റോക്കറ്റുകള്‍ സൈക്കിളില്‍ വച്ചു കൊണ്ടു പോയ സ്‌മരണകള്‍ അഗ്നിച്ചിറകുകള്‍ എന്ന് തന്‍റെ ആത്മകഥയില്‍ അദ്ദേഹം പങ്കു വച്ചിട്ടുണ്ട്.
തുമ്പയില്‍ ആദ്യം റോക്കറ്റ് വിക്ഷേപിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തിന്‍റെ സമരണാര്‍ത്ഥം നവംബര്‍ 25 ന് രാവിലെ 8.30 ന് നടക്കുന്ന ചടങ്ങ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പങ്കെടുക്കും.