തിരുവനന്തപുരം: പൊതുസ്ഥലത്ത് നിക്ഷേപിക്കാൻ കൊണ്ട് പോയ 3000 കിലോ കോഴിയിറച്ചി മാലിന്യം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് കഴക്കൂട്ടം വെട്ട് റോഡില്‍ വച്ച് നഗരസഭയുടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കോഴി മാലിന്യം കൊണ്ട് പോയ വാഹനം പിടികൂടിയത്.
ആരോഗ്യ വിഭാഗം വാഹനം കസ്റ്റഡിയിൽ എടുത്തതിനെ തുടര്‍ന്ന് ഒരു സംഘം ഗുണ്ടകള്‍ ഉദ്യോഗസ്ഥരെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കഴക്കൂട്ടം പൊലീസെത്തി ബലം പ്രയോഗിച്ചാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. കഴക്കൂട്ടം വെട്ട് റോഡ്, കണിയാപുരം തുടങ്ങി പല സ്ഥലങ്ങളിലും കോഴി മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്‌ടര്‍ അനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടര്‍മാരായ ഹരീഷ്, അജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.