തിരുവനന്തപുരം : സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ വനിത കമ്മിഷനില്‍ ലഭിച്ചത് 1096 പരാതികള്‍. ഏറ്റവും കൂടുതൽ കേസുകൾ തിരുവനന്തപുരം ജില്ലയിലാണ്.
447 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്‌തത്. ഏറ്റവും കുറവ് കേസുകൾ കാസർകോടാണ്. 12 കേസുകൾ മാത്രമാണ് ഇവിടെ നിന്നുള്ളത്.
ALSO READ: മണിക്കൂറുകള്‍ക്കകം 10ലേറെ പരാതികള്‍, ഇടപെടല്‍ ; 'അപരാജിത'യ്‌ക്ക് മികച്ച പ്രതികരണം
കൊല്ലം 126, പത്തനംതിട്ട 33, ആലപ്പുഴ 81, കോട്ടയം 60, ഇടുക്കി 35, എറണാകുളം 84, തൃശൂർ 47, പാലക്കാട് 55, മലപ്പുറം 36, കോഴിക്കോട് 44, വയനാട് 20, കണ്ണൂർ 16, എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കേസുകളുടെ എണ്ണം. ഈ പരാതികളിൽ 861 എണ്ണത്തിലാണ് കമ്മിഷൻ നടപടികൾ എടുത്തത്.
സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിലായി മൂന്ന് ആത്മഹത്യകൾ
ജൂൺ 22ന് കൊല്ലത്ത് വിസ്‌മയ എന്ന പെൺകുട്ടി സ്ത്രീധനത്തിന്‍റെ പേരിലുള്ള ഭർതൃ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്‌തു. തുടർന്ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും സമാനമായ രീതിയിൽ പെൺകുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്‌തു.
അർച്ചന എന്ന പെൺകുട്ടിയെ തിരുവനന്തപുരം വിഴിഞ്ഞത്ത് ഭർത്താവിന്‍റെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിലും ആലപ്പുഴയില്‍ 19കാരി സുചിത്രയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
അന്തരിച്ച നടൻ രാജൻ പി ദേവിന്‍റെ മരുമകൾ പ്രിയങ്കയുടെ ആത്മഹത്യയും കേരളം ചർച്ച ചെയ്‌തു. മകൻ ഉണ്ണി ദേവിനെതിരെ പ്രേരണാകുറ്റത്തിനും ഗാർഹിക പീഡനത്തിനും മെയ് മാസം കേസ് രജിസ്റ്റർ ചെയ്‌തു.
കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ കൊല്ലം അഞ്ചലിലുണ്ടായ ഉത്ര വധവും ഏറെ നടുക്കം സൃഷ്‌ടിച്ച സംഭവമായിരുന്നു. ഉത്രയെ ഭർത്താവായ സൂരജ് മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.