തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം ഇന്ന് നൂറാം ദിനം പിന്നിടുമ്പോൾ കരയിലും കടലിലും പ്രതിഷേധം നടത്തി പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി സമരസമിതി. പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിൽ കടൽ വഴി മത്സ്യത്തൊഴിലാളികൾ പ്രതിഷേധം തീർക്കും. നൂറുകണക്കിന് വള്ളങ്ങള്‍ അണിനിരത്തിയാകും പ്രതിഷേധം.
മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷൻ നടത്തും. മുതലപ്പൊഴി പാലം സമരക്കാർ ഉപരോധിക്കും. മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ പ്രതിഷേധം നടത്താനാണ് സമരസമിതിയുടെ നീക്കം.
തുറമുഖ നിർമാണം തടസപ്പെടുത്തരുത്, സമരപ്പന്തൽ പൊളിച്ചുനീക്കണം തുടങ്ങിയ കോടതി നിർദേശങ്ങള്‍ പോലും കാറ്റിൽ പറത്തിയാണ് സമരം തുടരുന്നത്. തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്.