തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നാളെ നൂറാം ദിനം പിന്നിടും. കരയിലും കടലിലും സമരം കടുപ്പിക്കാനാണ് തീരുമാനം. അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ ഞായറാഴ്‌ച വായിച്ച സർക്കുലറിലാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
അഞ്ചുതെങ്ങ്, പുതുക്കുറുച്ചി ഫെറോനകളെയും ജനങ്ങളെയും സഹകരിപ്പിച്ച് മുതലപ്പൊഴിയിൽ കടലിലും കരയിലും നാളെ സമരം സംഘടിപ്പിക്കും. വലിയതുറ, കോവളം, പുല്ലുവിള ഫെറോനകൾ മുള്ളൂർ കേന്ദ്രീകരിച്ച് കര സമരവും നടത്തും. 101-ാം ദിവസം മുതലുള്ള പ്രക്ഷോഭ പരിപാടികളെക്കുറിച്ച് തിങ്കളാഴ്‌ച ചേരുന്ന സമര സമിതി ആലോചിച്ച് നിർദേശം നൽകുമെന്നും സർക്കുലറിൽ പറയുന്നു.
ഇത് ആറാം തവണയാണ് തുറമുഖ സമരവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ സർക്കുലർ വായിക്കുന്നത്. ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന ഉപസമിതി പലതവണ സമരക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ലത്തീൻ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയും ആശയവിനിമയം നടത്തി. എന്നിട്ടും തുറമുഖ നിർമാണം നിർത്തിവയ്ക്കണം എന്ന ആവശ്യത്തിൽ തട്ടി സമവായം നീളുകയാണ്. ഈ സാഹചര്യത്തിലാണ് സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപതയുടെ തീരുമാനം.