പത്തനംതിട്ട : മല്ലപ്പള്ളിയില്‍ നടന്ന പൊതുയോഗത്തില്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ മന്ത്രിക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി ശ്രീകുമാര്‍ പത്തനംതിട്ട എസ്.പിക്ക് പരാതി നല്‍കി. യുവമോര്‍ച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.
പത്തനംതിട്ട അബാന്‍ ജംങ്ഷനില്‍ നിന്നും മന്ത്രിയുടെ കോലവുമായി പ്രകടനമായി എത്തിയ യുവമോർച്ച പ്രവർത്തകർ ഗാന്ധി സ്‌ക്വയറിലാണ് മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത സജി ചെറിയാന് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും യുവമോര്‍ച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയെ തള്ളി പ്രസംഗം നടത്തിയത്.
Also Read: 'ഭരണഘടനയുടെ അന്തഃസത്ത തകർക്കുന്നുവെന്നാണ് പറഞ്ഞത്'; പ്രസംഗം വളച്ചൊടിച്ചെന്ന് സജി ചെറിയാൻ
ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേത്, ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി എഴുതിവച്ചിരിക്കുകയാണ് എന്നതടക്കമുള്ള അധിക്ഷേപ പരാമര്‍ശങ്ങളാണ് മന്ത്രിയില്‍നിന്നുണ്ടായത്. ജുഡീഷ്യറിയ്ക്ക് നേരെയും മന്ത്രി വിമർശനം നടത്തി. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയില്‍ ഉള്ളതെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തിയിരുന്നു.