പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഏനാദിമംഗലം കുറുമ്പകര സ്വദേശിയായ അജിത്താണ് (22) അറസ്റ്റിലായത്. ഇന്നലെ തമിഴ്‌നാട്ടിലെ ഉദുമപേട്ടയില്‍ നിന്നാണ് കൊടുമണ്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ഒക്‌ടോബര്‍ 24ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 2019 സെപ്‌റ്റംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെ നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് മൊബൈല്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. വിശദമായി ചോദ്യം ചെയ്‌ത പ്രതി കുറ്റം സമ്മതിച്ചു.
പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പൊലീസ് ഇൻസ്‌പെക്‌ടര്‍ പ്രവീണിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ് സിപി ഓമാരായ അൻസാർ, ശിവപ്രസാദ്, സി പി ഓമാരായ ജയകൃഷ്‌ണൻ, ബിജു, അജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.