പത്തനംതിട്ട: ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തണമെന്നാവശ്യപ്പെട്ട യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻ അറസ്‌റ്റിൽ. തണ്ണിത്തോട് മൂഴി കുഞ്ഞിനാംകുഴി കോട്ടയ്‌ക്ക് സമീപം ചരിവുകാല പുത്തന്‍വീട്ടില്‍ ജെറിന്‍ (23) കൊല്ലപ്പെട്ട സംഭവത്തിലാണ് സഹോദരൻ ജസ്‌റ്റിൻ സി.എബി (28) അറസ്‌റ്റിലായത്.
വിറകു കൊണ്ട് തലയ്‌ക്ക് അടിച്ചാണ് ജെറിനെ കൊലപ്പെടുത്തിയത്. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ യുവതി ആകണമെന്ന് ജെറിൻ ആഗ്രഹിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജെറിനും ജസ്‌റ്റിനും തമ്മിൽ ഫെബ്രുവരി 25ന് തർക്കമുണ്ടാകുകയും തുടർന്ന് ജസ്‌റ്റിൻ വിറക് കൊണ്ട് ജെറിന്‍റെ തലയ്‌ക്ക് അടിക്കുകയുമായിരുന്നു. തലയ്‌ക്ക് അടിയേറ്റ് ബോധരഹിതനായ ജെറിനെ ജസ്‌റ്റിൻ കുളിപ്പിച്ചു കിടത്തുകയും പിന്നീട് ഒന്നും സംഭവിക്കാത്തതു പോലെ പുറത്തേക്കു പോകുകയും ഇടയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തു. തണ്ണിത്തോട് ബസ് സ്‌റ്റാന്‍റിൽ കട നടത്തുന്ന മാതാപിതാക്കള്‍ വൈകിട്ട് എത്തിയപ്പോള്‍ ജെറിന്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്. ഈ സമയത്ത് ജസ്‌റ്റിൻ വീട്ടിൽ ഇല്ലായിരുന്നു. അപസ്‌മാരം വന്നതാകാമെന്ന് കരുതി ജെറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ചികിത്സയിലിരിക്കെ ഈ മാസം അഞ്ചിനാണ് ജെറിന്‍റെ മരണം സംഭവിച്ചത്.