പത്തനംതിട്ട : തിരുവല്ലയിൽ വാറ്റ് കേസിൽ യുവാവ് അറസ്റ്റിലായി. നിരോധനാജ്ഞയുടെ ഭാഗമായി ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളുമടക്കം അടച്ചുപൂട്ടിയ സാഹചര്യത്തിൽ എക്സൈസിന്‍റെ പ്രത്യേക സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് അറസ്റ്റ്. തിരുവല്ല ഓതറ സ്വദേശി കുറ്റിയിൽ വീട്ടിൽ ശ്രീകുമാർ ( 40 ) ആണ് പിടിയിലായത്. കൂട്ടു പ്രതി പ്രദീപ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായി എക്സൈസ് പറഞ്ഞു.
ഇയാളുടെ വീട്ടിൽ നിന്നാണ് അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്സൈസ് ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ് സി.ഐ.എസ് സജീവിന്‍റെ നേതൃത്വത്തിൽ റേഞ്ച് ഇൻസ്പെക്ടർ എ സെബാസ്റ്റ്യൻ, ഇന്‍റലിജൻസ് വിഭാഗം പ്രിവന്‍റീവ് ഓഫീസർമാരായ കെ.പി അജയൻ , ഒ.എം പരീദ്, സിവിൽ ഓഫീസർമാരായ വി.കെ സുരേഷ്, ജി പ്രവീൺ, കെ ഗിരീഷ് കുമാർ , അഖിലേഷ് , ആർ രാഹുൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.