പത്തനംതിട്ട: നിലക്കലില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കെഎപി ബറ്റാലിയനിലെ ഉദ്യോഗസ്ഥയായിരുന്ന ഹണി രാജി(27)നെയാണ് വ്യാഴാഴ്‌ച രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശബരിമല നട തുറന്ന ദിവസങ്ങളിൽ ഡ്യൂട്ടിക്കായി നിലയ്ക്കലിലായിരുന്ന ഹണി ബുധനാഴ്‌ച വൈകുന്നേരമാണ് റാന്നി വലിയകുളത്തെ വീട്ടിലെത്തിയത്. വൈകിട്ട് 7 മണിയോടെ ഉറങ്ങാനായി മുറിയിലേക്ക് പോയ ഹണി പിറ്റേന്ന് പുലർച്ചെ എഴുന്നേറ്റ് കാപ്പി കുടിച്ച ശേഷം വീണ്ടും ഉറങ്ങാൻ പോയെന്നും പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. രാവിലെ 8:30 ഓടെ മുറിയിലെത്തിയ അമ്മയാണ് ഹണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ഹണിയെ റാന്നി മാർത്തോമാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ആറുമാസം മുമ്പാണ് കുണ്ടറ സ്വദേശിയായ റെയിൽവെ ഉദ്യോഗസ്ഥനുമായി ഹണിയുടെ വിവാഹം നടന്നത്. മരണകാരണം വ്യക്തമല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.