പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപിക വീടിന്‍റെ അടുക്കളയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപിക കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടില്‍ മഹിളാമണിയാണ് (60) മരിച്ചത്. ഞായറാഴ്‌ച (24.07.2022) രാവിലെ ഏഴ് മണിയോടെയാണ് സംഭവം.
രാവിലെ ചായ ഉണ്ടാക്കാന്‍ പോയ മഹിളാമണിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ ഭര്‍ത്താവ് ശശിയാണ് അടുക്കളയില്‍ കഴുത്തറുത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ സമീപത്തെ ബന്ധുക്കളെയും കൂട്ടി മഹിളാമണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആഴ്‌ചകൾക്ക് മുൻപ് മഹിളാമണിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്ന് ഇവർക്ക് ചില മാനസിക പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. ഉച്ചയോടെ ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു.