പത്തനംതിട്ട: തിരുവല്ല ഇരവിപേരൂർ നെല്ലാട് സ്വദേശിയായ ഗൃഹനാഥൻ ശരീരമാസകലം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ. നെല്ലാട് അഭിലാഷ് ഭവനിൽ സോമൻ (65) ആണ് തിങ്കളാഴ്ച രാത്രി പൊള്ളലേറ്റത്. ഉറങ്ങിക്കിടന്ന തന്‍റെ ശരീരത്തിൽ ഭാര്യ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന മൊഴിയാണ് സോമൻ പൊലീസിന് നൽകിയിരിക്കുന്നത്. കുറേക്കാലമായി മാനസികമായി അകൽച്ചയിലായിരുന്നെന്നും ഇതുകാരണം വഴക്ക് പതിവായിരുന്നെന്നും മൊഴിയുണ്ട്. അടച്ചിട്ട വീട്ടിൽ തീപിടിച്ചത് കണ്ട നാട്ടുകാർ ഫയർഫോഴ്സിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. ശരീരത്തിൽ തീപിടിച്ച് പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടിയ സോമനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്.
കഴുത്തിലും ശരീരത്തിലും ഉൾപ്പെടെ അമ്പത് ശതമാനത്തോളം പൊള്ളലേറ്റതിനാൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. സോമന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാര്യ രാധാമണി (62 )ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും കൊവിഡ് പരിശോധനയ്ക്ക് ശേഷം ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.