പത്തനംതിട്ട : റാന്നിയിൽ സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യ കുറിപ്പെഴുതിവച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ആരോപണവുമായി ഭാര്യ രംഗത്ത്. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം ബലം പ്രയോഗിച്ച് ഭൂമി അളന്നെടുത്തതില്‍ മനംനൊന്താണ് ബാബു ആത്‌മഹത്യ ചെയ്‌തതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭാര്യ കുസുമ കുമാരി പൊലീസിന് പരാതി നല്‍കി.
റാന്നി പെരുനാട് മഠത്തുംമൂഴി കണ്ണനുമണ്‍ മേലേതില്‍ ബാബുവാണ് (64) മരിച്ചത്. ഇന്ന് (സെപ്‌റ്റംബര്‍ 25) രാവിലെ വീടിനടുത്തുള്ള റബ്ബര്‍ മരത്തിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി മാനസിക പീഡനവും ഭീഷണിയും അനുഭവിക്കേണ്ടി വന്നതിനാലും അധികാരം കൈയാളുന്നവരോട് എതിര്‍ത്തു നില്‍ക്കാന്‍ കഴിവില്ലാത്തതിനാലുമാണ് ഭര്‍ത്താവ് ജീവനൊടുക്കിയത്.
വേനല്‍ക്കാലത്ത് പൊതുജനങ്ങള്‍ അടക്കം ഉപയോഗിക്കുന്ന ഞങ്ങളുടെ കിണറിനോട് ചേര്‍ന്ന് കക്കൂസുകളും സെപ്റ്റിക് ടാങ്കും നിര്‍മിക്കുന്നതിനെ തങ്ങള്‍ എതിര്‍ത്തിരുന്നു. സ്ഥലം വിട്ടു നല്‍കാന്‍ ഞങ്ങള്‍ വിസമ്മതിക്കുകയും ടോയ്‌ലറ്റ് കോംപ്ലക്‌സ് കിണറിനോട് ചേര്‍ന്ന് പണിയുന്നത് എതിര്‍ക്കുകയും ചെയ്‌തു. ഈ വിഷയത്തിലും ഇവര്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. സിപിഎം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം കൂടിയായ പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റ് പിഎസ് മോഹനന്‍, പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി റോബിന്‍, വാര്‍ഡ് അംഗം എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശം.
'നേതാക്കള്‍ക്ക് നാല് ലക്ഷം നല്‍കി': കുറിപ്പ് ബാബുവിന്‍റേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വിദഗ്‌ധ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. കൈയക്ഷരം ഭര്‍ത്താവിന്‍റേത് തന്നെയാണെന്നും ഇവര്‍ പറയുന്നു. ഇയാള്‍ക്ക് മഠത്തുംമുഴിയില്‍ വാടകയ്ക്ക് കൊടുത്ത കെട്ടിടമുണ്ട്. അതിന് മുന്‍പിലായാണ് വെയിറ്റിങ് ഷെഡ് സ്ഥിതിചെയ്യുന്നത്. ഇത് പുതുക്കി പണിതുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച അഭിപ്രായ വ്യത്യാസമാണ് വിഷയം വഷളാക്കിയതെന്നാണ് വിവരം.
താനൊരു സിപിഎം പ്രവര്‍ത്തകനാണെന്ന് ബാബു കുറിപ്പില്‍ പറയുന്നു. വെയിറ്റിങ് ഷെഡ് നിര്‍മാണത്തിനായി നേരത്തെ കുറച്ച് സ്ഥലം പഞ്ചായത്തിന് നല്‍കിയിരുന്നു. ഇത് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് രണ്ടേകാല്‍ സെന്‍റ് സ്ഥലം കൂടി വേണമെന്ന് പഞ്ചായത്ത് ആവശ്യപ്പെടുകയും താലൂക്ക് സര്‍വേയറെ എത്തിച്ച് അളക്കുകയും ചെയ്‌തു.
പാര്‍ട്ടി നേതാക്കള്‍ക്ക് നാല് ലക്ഷം നല്‍കിയെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നു. അതേസമയം, മരണവുമായി പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ബന്ധമില്ലെന്നാണ് ആരോപണവിധേയരായ പ്രാദേശിക നേതാക്കളുടെ പ്രതികരണം.