പത്തനംതിട്ട: വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെ വീശിയ ശക്തമായ കാറ്റിൽ തിരുവല്ല താലൂക്കിന്‍റെ പടിഞ്ഞാറൻ മേഖലയിൽ വ്യാപക നാശം. നാല് വീടുകൾക്ക് മുകളിൽ മരം വീണു. വീടിന്‍റെ മേൽക്കൂര തകര്‍ന്ന് ഓട് തലയിൽ വീണ് ഒരാൾക്ക് പരിക്കേറ്റു. നിരണം മുക്കുങ്കൽ വീട്ടിൽ ഷിബുവിനാണ് പരിക്കേറ്റത്.
ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുത ലൈനുകൾക്കും പോസ്റ്റുകൾക്കും നാശനഷ്ടം സംഭവിച്ചു. ഇരുവെള്ളിപ്പറ പാണ്ടിശ്ശേരിൽ വർഗീസ് പി സ്ക്കറിയയുടെ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര ഭാഗികമായി തകർന്നു.
പരുമല തിക്കപ്പുഴ ഗിൽഗാൽ വീട്ടിൽ ബൈജുവിന്‍റെയും നിരണം മുണ്ടനാരി മടമുറ്റത്ത് പ്രസാദ് ജോണിന്‍റെയും വീടിന് മുകളിലേക്ക് തേക്ക് വീണ് മേൽക്കൂര തകർന്നു. കടപ്ര ചിറയിൽ വീട്ടിൽ സി.സി വർഗീസിന്‍റെ വീടിനോട് ചേർന്നുള്ള കാലിത്തൊഴുത്തിന് മുകളിൽ മരം വീണ് തൊഴുത്ത് പൂർണ്ണമായും തകർന്നു. അമ്പതോളം ഗ്രോ ബാഗുകളും നശിച്ചു. കാവുംഭാഗം തിട്ടപ്പള്ളി റോഡിലേക്ക് സമീപ പുരയിടത്തിൽ നിന്നിരുന്ന മരം മറിഞ്ഞു വീണു.
പരുമല-പനയന്നാർ കാവ് ക്ഷേത്രം റോഡിലേക്കും തിക്കപ്പുഴ -ഹെൽത്ത് സെന്‍റര്‍ റോഡിലേക്കും തേക്ക് മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടി. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി. പല ഭാഗങ്ങളിലും വൈദ്യുത ബന്ധം തകരാറിലായിട്ടുണ്ട്.