പത്തനംതിട്ട: പെരിങ്ങര പഞ്ചായത്ത് ആറാം വാർഡിൽ ജലദൗര്‍ലഭ്യം കാരണം കൃഷി നശിക്കുന്നു. വേങ്ങൽ ആലംതുരുത്തിയിൽ 150 ഏക്കറോളം വരുന്ന പെരുംതുരുത്തി തെക്ക്, കൈപ്പുഴ കിഴക്ക് പാടശേഖരങ്ങിലാണ് കൃഷി നശിക്കുന്നത്. ജലലഭ്യത കുറഞ്ഞതോടെ അറുപത് ദിവസം പ്രായമെത്തിയ നെൽച്ചെടികൾ ഉണങ്ങിത്തുടങ്ങിയത് കര്‍ഷകരെ ആശങ്കയിലാഴ്ത്തി. ചന്തത്തോടിന്‍റെ ഭാഗമായ മാർക്കറ്റ് കനാൽ മാലിന്യം നിറഞ്ഞ് നീരൊഴുക്ക് നിലച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
മാർക്കറ്റ് കനാലിനെ മൈനർ ഇറിഗേഷൻ വകുപ്പും ജനപ്രതിനിധികളും അവഗണിക്കുകയാണെന്ന് പാടശേഖര സമിതിയുടെ അഭിപ്രായപ്പെട്ടു. സംരക്ഷണവും പുനരുജ്ജീവന പദ്ധതികളും ഇല്ലാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പാടശേഖര സമിതി ഭാരവാഹികളായ അലക്സ് മന്നത്ത് , കുര്യൻ മാത്യു എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രളയ കാലത്ത് മണ്ണും മാലിന്യങ്ങളും കൂടി അടിഞ്ഞുകൂടിയതോടെയാണ് തോട്ടിലെ നീരൊഴുക്ക് നിലച്ചത്. ഇതിനിടെ നീരൊഴുക്ക് നിലനിൽക്കുന്ന ഭാഗം മുതൽ മോട്ടോർ തറയിലേക്ക് ചാൽ നിർമിച്ച് വെള്ളം എത്തിക്കാനുള്ള ശ്രമം പാടശേഖര സമിതി ഭാരവാഹികൾ നടത്തുന്നുണ്ട്.