പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കുള്ള റിസര്‍വ് ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകകളുടെ ആദ്യഘട്ട പരിശോധന നടന്നു. ട്രെയിനിംഗിനും ബോധവല്‍ക്കരണത്തിനുമായി ഉപയോഗിച്ച കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ 84 എണ്ണം വീതമാണ് പരിശോധന നടത്തി അധികമായി കരുതിയിരിക്കുന്നത്.
അടൂര്‍, തിരുവല്ല, ആറന്മുള നിയോജക മണ്ഡലങ്ങളിലെ പരിശോധന കലക്‌ടറുടെ ചേമ്പറില്‍ നടന്നു. ജനറല്‍ ഒബ്‌സര്‍വര്‍ സുരേഷ് വസിഷ്ഠിന്‍റെയും കോന്നി, റാന്നി നിയോജക മണ്ഡലങ്ങളിലെ ജനറല്‍ ഒബ്‌സര്‍വര്‍ ഡി ഡി കപാഡിയയുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കലക്‌ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
തിരുവല്ല, അടൂര്‍ നിയോജക മണ്ഡലങ്ങളില്‍ 12 വീതവും ആറന്മുള, റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിലായി 20 വീതവും യൂണിറ്റുകള്‍ അധികമായി സജ്ജമാക്കിയിട്ടുണ്ട്. പരിശോധനയിൽ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്‌ടര്‍ കെ ചന്ദ്രശേഖരന്‍ നായര്‍, റാന്നി റിട്ടേണിംഗ് ഓഫീസര്‍ ബീനാ റാണി, ആറന്മുള റിട്ടേണിംഗ് ഓഫീസര്‍ ജെസികുട്ടി മാത്യു, കോന്നി റിട്ടേണിംഗ് ഓഫീസര്‍ എസ് സന്തോഷ്‌കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.