ശബരിമല: കലിയുഗവരദന്‍റെ കാനനക്ഷേത്രത്തിലേക്കെത്തുന്നവര്‍ക്ക് പുണ്യത്തിന്‍റെ നിര്‍വൃതിയും പ്രകൃതിയുടെ വിസ്മയവുമാവുകയാണ് ശബരിമലയിലെ ഉരക്കുഴി തീര്‍ത്ഥം. സന്നിധാനത്തെ പാണ്ടിത്താവളത്ത് നിന്നും 300 മീറ്ററോളം ദൂരെയാണ് ഈ പുണ്യതീര്‍ത്ഥം സ്ഥിതിചെയ്യുന്നത്. ശ്രീധര്മ്മശാസ്താവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഉരക്കുഴി തീര്‍ത്ഥം പാപനാശിനിയാണെന്നാണ് വിശ്വാസം.
ഏറെ വിശ്വാസികള്‍ ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി എത്തിച്ചേരുന്നുണ്ട്. കുമ്പാളം തോടിലുള്ള വെള്ളച്ചാട്ടത്തിന് കീഴെയായി ഒരാള്‍ക്ക് ബുദ്ധിമുട്ടില്ലാതെ മുങ്ങിക്കുളിക്കാന്‍ കഴിയുന്ന കുഴിയാണ് ഉരക്കുഴിയെന്ന് അറിയപ്പെടുന്നത്. പ്രകൃതി ഒരുക്കിയ ഈ അത്ഭുതമായ തെളിഞ്ഞ, തണുത്ത വെള്ളത്തിലുള്ള സ്‌നാനം തീര്‍ത്ഥാടകരെ ഉന്മേഷഭരിതരാക്കുന്നു. പരമ്പരാഗത പുല്‍മേട് കാനനപാതയിലൂടെ വരുന്ന തീര്‍ത്ഥാടകര്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിച്ചാണ് സന്നിധാനത്ത് എത്തുന്നത്. ഭഗവത് ദര്‍ശനത്തിന് ശേഷവും ഈ പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച് ജീവിത പാപഭാരങ്ങളും ക്ഷീണവും കഴുകികളഞ്ഞാണ് ഭക്തർ മലയിറങ്ങുന്നത്.