പത്തനംതിട്ട: വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്നും വോട്ടര്‍പട്ടികയില്‍ ഉണ്ടായേക്കാവുന്ന ചെറിയ തെറ്റുകള്‍ പര്‍വതീകരിച്ച് കാണിക്കരുതെന്നും ജില്ലാ കലക്ടര്‍ പി.ബി നൂഹ്. വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ത്തു.
2015ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടര്‍ പട്ടിക അടിസ്ഥാന പട്ടികയായി എടുത്തുകൊണ്ട് 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക ഈ മാസം ഇരുപതിന് പ്രസിദ്ധീകരിക്കും. ഈ വോട്ടര്‍ പട്ടികയില്‍ ആക്ഷേപങ്ങള്‍ പരിഹരിക്കാനും പുതിയ അപേക്ഷകള്‍ നല്‍കാനും പേരുകള്‍ ചേര്‍ക്കാനുമുള്ള അവസാന തിയതി ഫെബ്രുവരി 14 ആണ്. വോട്ടര്‍പട്ടിക വിചാരണ നടത്തി അപ്ഡേറ്റ് ചെയ്യുന്ന അവസാന തീയതി ഫെബ്രുവരി 25. അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രസിദ്ധീകരിക്കും എന്നാണ് നിലവിലെ വിവരം.