പത്തനംതിട്ട : തിരുവല്ല നഗരസഭാ ചെയർമാനായി യു.ഡി.എഫ് സ്ഥാനാർഥി ആർ ജയകുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് ആർ ജയകുമാർ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. കൊവിഡ് 19 ജാഗ്രതാ നിർദേശങ്ങൾ പാലിച്ച് നടന്ന കൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും തീരുമാനിച്ചതോടെയാണ് എതിരില്ലാതെയുള്ള തെരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങിയത്.
39 അംഗ കൗൺസിലിൽ യു.ഡി.എഫിന്‍റെ 20 അംഗങ്ങളും എസ്.ഡി.പി.ഐ അംഗവും ഒരു സ്വതന്ത്രയും അടക്കം 22 പേരുടെ പിന്തുണയിലാണ് ആർ. ജയകുമാർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയ രണ്ട് യു.ഡി.എഫ് അംഗങ്ങൾക്ക് വോട്ട് ചെയ്യാനായില്ല. എൽ.ഡി.എഫിന് ഒൻപതും ബി.ജെ.പിക്ക് നാല് അംഗങ്ങളുമാണ് ഉള്ളത്. മൂന്ന് സ്വതന്ത്രരും ഒരു എസ്.ഡി.പി.ഐ അംഗവുമാണ് മറ്റുള്ളവർ. യു.ഡി.എഫിലെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് ( എം ) പ്രതിനിധിയായിരുന്ന ചെറിയാൻ പോളച്ചിറയ്ക്കൽ ചെയർമാൻ സ്ഥാനം രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.