പത്തനംതിട്ട : എംസി റോഡിൽ കുളനട മാന്തുകയിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ട് യുവാക്കൾ മരിച്ചു (Two Youths Died in Accident At Kulanada). ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുളക്കുഴ കാരയ്ക്കാട് പ്ലാവുനിൽക്കുന്നതിൽ മേലേതിൽ വിഷ്‌ണു (28), ചെങ്ങന്നൂർ ആല മാടമ്പുറത്ത് മോടിയിൽ വിശ്വജിത് (18) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ അമൽജിത്തിനെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാത്രി 11.30 ഓടെ കുളനട മാന്തുക ഗ്ലോബ് ജംഗ്ഷന് സമീപത്തായിരുന്നു അപകടം. വിഷ്‌ണുവും വിശ്വജിത്തും തൽക്ഷണം മരണത്തിന് കീഴടങ്ങി.
ALSO READ:MC ROAD KSRTC BUS ACCIDENT | എംസി റോഡില്‍ വാഹനാപകടം, രണ്ട് മരണം
എംസി റോഡിൽ വാഹനാപകടം : പത്തനംതിട്ട എം.സി റോഡിൽ കുരമ്പാലയിൽ കെഎസ്‌ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന ആലുവ ഇടത്തല സ്വദേശികളായ ശ്യാം മാത്യു (30), ജോൺസൺ മാത്യു (48) എന്നിവരാണ് മരിച്ചത്. സെപ്‌റ്റംബർ 13 ന് രാവിലെ 6.30 ഓടെ എം.സി റോഡിൽ പന്തളം കുരമ്പാല ഇടയാടി ജങ്‌ഷന് സമീപമായിരുന്നു അപകടം (KSRTC Bus-Van Collide In Pathanamthitta).
ബസ് യാത്രക്കാരായ 25 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബസിൽ അറുപതോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം. പന്തളം ഭാഗത്തുനിന്നും വന്ന മിനി വാൻ അടൂർ ഭാഗത്ത് നിന്നും വന്ന കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് സംശയിക്കുന്നത്. ഈ സമയം ചാറ്റൽ മഴയും ഉണ്ടായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് അടൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം പിക്കപ്പ് വാനിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ അടൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ALSO READ:athani road accident pick up van അത്താണിയില്‍ വാഹനാപകടം, രണ്ട് സ്‌ത്രീകൾക്ക് ദാരുണാന്ത്യം
വാഹനാപകടത്തില്‍ രണ്ട് സ്ത്രീകൾ മരിച്ചു: കൊച്ചി അത്താണി ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് സ്ത്രീകൾ മരിച്ചു. കാംകോയിലെ കാന്‍റീൻ തൊഴിലാളികളായ മറിയം, ഷീബ (sheeba) എന്നിവരാണ് റോഡ് മുറിച്ച് കടക്കുന്നതിനിടെ മരിച്ചത്. ഇരുവരേയും അമിത വേഗതയിലെത്തിയ തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഓഗസ്‌റ്റ് 21 ന് രാവിലെ ഏഴ് മണിയോടെ അത്താണി കാംകോയ്ക്ക് മുന്നിലായിരുന്നു അപകടം.
മറിയവും ഷീബയും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരാളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും മാറ്റൊരാളെ ഇടിച്ചുതെറിപ്പിക്കുകയുമായിരുന്നു. സ്‌ത്രീകൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്‌റ്റ്‌മോർട്ടം പൂർത്തിയാക്കിയതിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പിക്കപ്പ് വാൻ ഡ്രൈവറായ തമിഴ്‌നാട് സ്വദേശി വേലുവിനെ നെടുമ്പാശ്ശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.