പത്തനംതിട്ട: നൈറ്റ് പട്രോളിങ് സംഘത്തെ തടയുകയും പൊലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്‌ത സംഭവത്തിൽ രണ്ടു പേർ പിടിയിൽ. മണിമല ആലപ്ര താഴത്തുമഠം രതീഷ് ചന്ദ്രൻ നായർ (34), മണിമല മൂക്കട തൊള്ളായിരക്കുഴിയിൽ പ്രദീപ് എന്ന തോമസ് വർഗീസ് (35) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഞായറാഴ്‌ച പുലർച്ചെ 1.30നാണ് സംഭവം.
റാന്നി പ്ലാച്ചേരിയിൽ യുവാക്കൾ തമ്മിൽ അടി നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാൻ ചെന്ന മണിമല എസ് ഐ വിദ്യാധരനെയും സംഘത്തെയും തടയുകയും, പൊലീസ് വാഹനത്തിന്‍റെ വാതിൽ തകർക്കുകയും ചെയ്‌ത കേസിലാണ് അറസ്‌റ്റ്. പ്രതികളുടെ മെഡിക്കൽ പരിശോധന നടത്തിയശേഷം റാന്നി പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് കേസെടുത്ത റാന്നി പൊലീസ് പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു.
രതീഷ് മനഃപൂർവമല്ലാത്ത നരഹത്യാശ്രമം ഉൾപ്പടെ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൂടാതെ ഇയാൾക്കെതിരെ റൗഡി ഹിസ്‌റ്ററി ഷീറ്റും നിലവിലുണ്ട്. തോമസ് വർഗീസും നിരവധി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.