പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പത്തനംതിട്ട നഗരസഭയിൽ കുമ്പഴ ആദിച്ചനല്ലൂർ കോളനിയിൽ താമസിക്കുന്ന സഹോദരങ്ങളുടെ മക്കളായ പതിനാറും പതിനേഴും വയസുള്ള അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ വെട്ടൂർ ഇല്ലത്തു കടവിൽ ആയിരുന്നു അപകടം.
അഗ്‌നിശമനസേനയുടെ സ്‌ക്യൂബ ടീം എത്തിയാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടന്‍ ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫുട്‌ബോള്‍ കളി കഴിഞ്ഞെത്തിയ ഏഴംഗ സംഘമാണ് ആറ്റിലെ കടവിൽ എത്തിയത്. ഇതിൽ രണ്ടു പേരാണ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്.
ബാക്കിയുള്ളവർ കരയ്ക്കിരുന്നു. നദിയിൽ കുളിക്കാൻ വരുന്നത് കണ്ടു സമീപമുണ്ടായിരുന്ന പ്രായമുള്ള ആൾ കുട്ടികൾക്ക് അപകട മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് കേൾക്കാതെ അഭിരാജും, അഭിലാഷും കുളിക്കാൻ ഇറങ്ങുകയായിരുന്നു. അഭിരാജ് ആണ് ആദ്യം നദിയിൽ ഇറങ്ങിയത്.
ഇതിനിടെ നദിയുടെ ആഴമുള്ള ഭാഗത്തേക്ക് നീന്തുമ്പോൾ മുങ്ങിത്താഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാനാണ് അഭിലാഷ് പിന്നാലെ ആ ഭാഗത്തേക്ക് നീന്തിയത്. ഇതോടെ ഇവരും ഒഴുക്കിൽ പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടികൾ ബഹളം വച്ച് ആളുകളെ കൂട്ടി.
വിവരം അറിഞ്ഞെത്തിയ അഗ്‌നിശമന സേനയും പത്തനംതിട്ട സ്‌കൂബ ടീമും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.
ഒരു മാസത്തിനിടെ 30ൽ അധികം മരണം: അതേസമയം കേരളത്തിൽ മുങ്ങിമരണങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ച് കൊണ്ടിരിക്കുകയാണ്. താനൂർ ബോട്ട് അപകടം ഉൾപ്പെടെ കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നടന്ന അപകടങ്ങളിൽ മുപ്പതിൽ അധികം കുട്ടികളാണ് മുങ്ങിമരിച്ചത്.
മെയ് 14 ന് എറണാകുളം പറവൂറിലെ തട്ടുകടവ് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളാണ് മുങ്ങി മരിച്ചത്. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നീ കുട്ടികളാണ് മുങ്ങിമരിച്ചത്. ബന്ധുവീട്ടിൽ എത്തിയ കുട്ടികൾ വീട്ടുകാർ അറിയാതെ അടുത്തുള്ള പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. മരിച്ച മൂന്ന് കുട്ടികൾക്കും നീന്തൽ അറിയാമായിരുന്നു.
എന്നാൽ ആഴമേറിയതും ഒഴുക്ക് കൂടുതലുമായ പുഴയെക്കുറിച്ച് ധാരണയില്ലാത്തതിനാൽ കുട്ടികൾ ഒഴുക്കിൽ പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിൽ പുഴയ്‌ക്ക് സമീപം കുട്ടികളുടെ സൈക്കിളും ചെരുപ്പും വസ്‌ത്രങ്ങളും കണ്ടെത്തി. തുടർന്ന് പുഴയിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
പട്ടാമ്പിയിലും മുങ്ങി മരണം: ഇക്കഴിഞ്ഞ മെയ് 16ന് പട്ടാമ്പി വള്ളൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചിരുന്നു. അശ്വിൻ (12), അഭിജിത്ത് (13) എന്നിവരാണ് മുങ്ങിമരിച്ചത്. കുട്ടികൾ ദിവസവും കുളിക്കാറുള്ള കുളത്തിലാണ് അപകടത്തിൽ പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും കുളത്തിലെ ചെളിയിൽ കുടുങ്ങുകയായിരുന്നു.
ഇതിനിടെ കൂടെയുണ്ടായിരുന്ന കുട്ടികൾ അയൽവാസികളെ വിളിച്ചു വരുത്തി. ഇവർ ചേർന്ന് അശ്വിനെയും അഭിജിത്തിനെയും കുളത്തിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.