പത്തനംതിട്ട: തിരുവല്ല ഗുണ്ട സംഘങ്ങൾ തമ്മിലുളള തർക്കത്തെ തുടർന്ന് വീട് അടിച്ചു തകർത്ത സംഭവത്തിൽ രണ്ട് പ്രതികൾ പിടിയിൽ. ചങ്ങനാശ്ശേരി മുളയ്ക്കൽ ചിറയിൽ വീട്ടിൽ അരുൺ ബാബു (32), വെളിയനാട് കുമരങ്കേരി ശാസ്‌താം പറമ്പിൽ സുബിൻ (34) എന്നിവരാണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ മാസം 26ന് നടന്ന ആക്രമണങ്ങളെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. 26ന് പുലർച്ചെ അഞ്ചു മണിക്ക് ഗുണ്ടാ നേതാവായ റോഷന്‍റെ തിരുവല്ല തുകലശ്ശേരിയിലെ വീടിന് നേരെ രണ്ടംഗ സംഘം പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. പ്രത്യാക്രമണത്തിന്‍റെ ഭാഗമായി അന്ന് രാവിലെ 6.45ന് ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ചങ്ങനാശ്ശേരി മാടമുക്ക് സ്വദേശിയായ വിപിന്‍റെ വീട് പന്ത്രണ്ടംഗ സംഘം അടിച്ചു തകർത്തിരുന്നു. ഈ കേസിലെ പ്രതികളാണ് അറസ്‌റ്റിലായിരിക്കുന്നത്.
റോഷന്‍റെ വീട് ആക്രമിച്ച കേസിലെ രണ്ട് പ്രതികളും വിപിന്‍റെ വീട് ആക്രമിച്ച സംഭവത്തിലെ 10 പ്രതികളും ഇനിയും പിടിയിലാകാനുണ്ടെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. തിരുവല്ല സി ഐ പി എസ് വിനോദ്, എസ് ഐ എസ് സലിം, എ എസ് ഐ ബി സാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഇരുവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.