പത്തനംതിട്ട : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 16നും 17നും ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള യാത്രകൾക്ക് രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെ നിരോധനം. തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിങ് എന്നിവയ്ക്കും കലക്‌ടർ നിരോധനം ഏർപ്പെടുത്തി.
രണ്ടുദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ അപകടസാധ്യത ഒഴിവാക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയത്. കൊവിഡ് 19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.
ആശങ്കപ്പെടേണ്ടെന്ന് റാന്നി എം.എൽ.എ
ജില്ലയിലെ വെള്ളപ്പൊക്കത്തിന്‍റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായണ്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് സജ്ജീകരിച്ചിട്ടുള്ളത്.
നദിയില്‍ ഇറങ്ങാനോ, താഴ്ന്നുകിടക്കുന്ന വൈദ്യുത കമ്പികള്‍ തൊടാനോ പാടില്ല. മഴ നീളുന്ന സാഹചര്യത്തില്‍ ജില്ലയിലും പ്രത്യേകിച്ച് റാന്നി നിയോജക മണ്ഡലത്തിലും കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.
വെള്ളപ്പൊക്കത്തെ നേരിടാന്‍ റാന്നി നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും വില്ലേജ് ഓഫിസര്‍മാരുടെയും യോഗം വിളിച്ചുചേര്‍ത്തിരുന്നു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കാനും ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനും എം.എൽ.എ നിര്‍ദേശം നല്‍കി.
പത്തനംതിട്ട ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂം നമ്പരുകളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്പര്‍ 1077. ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്‍റര്‍ 0468 2322515, 9188297112, 8547705557, 8078808915. താലൂക്ക് ഓഫിസ് അടൂര്‍ 04734224826. താലൂക്ക് ഓഫിസ് കോഴഞ്ചേരി 04682222221, 2962221. താലൂക്ക് ഓഫിസ് കോന്നി 04682240087. താലൂക്ക് ഓഫിസ് റാന്നി 04735227442.
താലൂക്ക് ഓഫിസ് മല്ലപ്പളളി 04692682293. താലൂക്ക് ഓഫിസ് തിരുവല്ല 04692601303.
ജില്ലയിൽ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണ ജോർജ് കലക്‌ടറേറ്റിൽ യോഗം ചേരുകയാണ്. ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ ഓൺലൈനായാണ് പങ്കെടുക്കുന്നത്.
Also Read: സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്