പത്തനംതിട്ട: കോന്നി പയ്യനാമണിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസ്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം മധ്യവയസ്‌കന്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകർ മഹാജൻ പറഞ്ഞു.
പയ്യനാമൺ പത്തലുകുത്തി തെക്കിനേത്ത് വീട്ടിൽ സോണി എം ശമുവേൽ (45), ഭാര്യ റീന (44), വളർത്തു മകൻ റയാൻ (8) എന്നിവരെയാണ് ഞായറാഴ്‌ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റീനയുടെയും റയാന്‍റേയും മൃതദേഹങ്ങൾ വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയിൽ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
Read more: റീനയും റയാനും വെട്ടേറ്റ നിലയില്‍, സോണി ജീവനൊടുക്കിയ രീതിയിലും ; പത്തനംതിട്ടയിലെ മരണങ്ങളില്‍ അന്വേഷണം
ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സോണിക്കുണ്ടായ കടുത്ത സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പൊലീസ് കരുതുന്നു. സോണി നേരത്തെ വിദേശത്ത് ബിസിനസ് നടത്തിവരികയായിരുന്നു. വലിയ സാമ്പത്തിക ബാധ്യതകളുമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും പറയുന്നത്.
സോണി അടുത്തിടെയാണ് വിദേശത്ത് നിന്നും നാട്ടിൽ തിരികെ എത്തിയത്. ഈയിടെ വിഷാദ രോഗത്തിന് സോണി ചികിത്സ തേടിയിരുന്നു. ഇവർക്ക് കുട്ടികളില്ലാത്തതിനാൽ ദത്തെടുത്ത് വളർത്തിയ കുട്ടിയാണ് റയാൻ. താൻ കൊല്ലത്തേക്ക് പോകുമെന്നും രണ്ടു ദിവസം കഴിഞ്ഞേ മടങ്ങി വരികയൊള്ളൂവെന്നും കഴിഞ്ഞ വെള്ളിയാഴ്‌ച വൈകീട്ട് സോണി ഒരു ബന്ധുവിനെ അറിയിച്ചിരുന്നു. ഇതുകാരണം സോണിയെ പുറത്തുകാണാതിരുന്നത് ആരും തിരക്കിയതുമില്ല.
റീനയേയും മകനെയും പുറത്തു കാണാതിരുന്നതിനെ തുടർന്നാണ് ഒരു ബന്ധു വീട്ടിലെത്തി അന്വേഷിച്ചത്. വീട് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുറന്നു കിടന്നിരുന്ന ജനാലയിലൂടെയാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും.