പത്തനംതിട്ട: അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി മധ്യവയസ്‌കനില്‍ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത ഹണിട്രാപ് സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. പന്തളം മങ്ങാരം കുട്ടുവാളക്കുഴിയില്‍ സിന്ധു (41), പന്തളം കുരമ്പാല തെക്ക് സാഫല്യത്തില്‍ മിഥു (25), അടൂര്‍ പെരിങ്ങനാട് കുന്നത്തൂക്കര അരുണ്‍ കൃഷ്ണന്‍ (32) എന്നിവരാണ് അറസ്റ്റിലായത്.
കേന്ദ്ര സര്‍വീസില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ പന്തളം മുടിയൂര്‍ക്കോണം സ്വദേശിയായ എഴുപത്തിയാറുകാരനെ ഹണിട്രാപ്പിൽ പെടുത്തിയാണ് സംഘം പണം തട്ടിയത്. ഭൂമി വില്‍പ്പനക്കെന്ന വ്യാജേന മധ്യവയസ്‌കനെ സമീപിച്ച് അശ്ലീല ചിത്രങ്ങള്‍ എടുത്ത ശേഷം ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
വയോധികന്‍റെ മകന്‍റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങുന്നത്. പ്രതി സിന്ധു നേരത്തേയും സമാനരീതിയില്‍ ഹണിട്രാപ്പ് നടത്തിയതിന് പിടിയിലായിട്ടുണ്ട്. പ്രതികളെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.
അടുത്തിടപഴുകി സിന്ധു; ദൃശ്യം പകര്‍ത്തി മിഥു
തനിച്ചു താമസിക്കുന്ന വയോധികന്‍റെ 41 സെന്‍റ് സ്ഥലവും വീടും വില്‍ക്കുന്നതിനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ട സിന്ധുവും മറ്റൊരാളും നവംബര്‍ അവസാനം വസ്തുവും വീടും വാങ്ങാനെന്ന വ്യാജേന വയോധികനെ സമീപിച്ചു.
തുടർന്ന് ഡിസംബർ 6ന് ഉച്ചയ്ക്ക് സിന്ധുവും മിഥുവും വായോധികന്‍റെ വീട്ടിലെത്തി. വസ്തുവിന്‍റെ കാര്യങ്ങൾ സംസാരിക്കുന്നതിനിടെ സിന്ധു വയോധികനുമായി വ്യക്തിപരമായ അടുപ്പം ഉണ്ടാക്കിയെടുത്തു കെണിയൊരുക്കൽ ആരംഭിച്ചു.
സിന്ധുവിനൊപ്പമെത്തിയ മിഥു ഇതെല്ലാം മൊബൈല്‍ കാമറയില്‍ പകർത്തി. തുടർന്നാണ് വായോധികനെ ഈ ദൃശ്യങ്ങൾ കാണിക്കുകയും ഇത് സമൂഹ മാധ്യമങ്ങൾ വഴി വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടത്. ബ്ലാങ്ക് ചെക്ക്, സ്വര്‍ണ മോതിരം മൊബൈല്‍ ഫോൺ, വീട്ടുകരണങ്ങൾ എന്നിവ സംഘം തട്ടിയെടുത്തു. തുടർന്ന് ഡിജിപി, പന്തളം എസ്‌എച്ച്‌ഒ എന്നിവരെ പരിചയമുണ്ടെന്നും പൊലീസിനെ വിളിച്ചുവരുത്തി വായോധികനെ ജയിലിലാക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി.
ഭയന്നു പോയ വയോധികനെ ഇവര്‍ പന്തളത്തെ ബാങ്കിൽ എത്തിച്ചു രണ്ടുലക്ഷം രൂപയുടെ ചെക്ക് മാറിയെങ്കിലും ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാന്‍ സാധിച്ചുള്ളൂ. വയോധികനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കൊണ്ടു പോകുകയാണെന്നും അതിനായി പണം വേണമെന്നും സിന്ധു ബാങ്ക് ജീവനക്കാരെ അറിയിച്ചു.ഇതിനെതുടർന്ന് ബാങ്കില്‍ നിന്നും സിന്ധുവിന്‍റെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചു കൊടുക്കുകയും ചെയ്തു. പണം തട്ടിയ ശേഷം സംഭവം ആരോടും പറയരുതെന്ന ഭീഷണിയിൽ വയോധികനെ വീട്ടിലെത്തിച്ചു.
മകന്‍റെ പരാതിയില്‍ പൊലീസ് ഇടപെടല്‍
രണ്ടു ദിവസത്തിനു ശേഷം സിന്ധുവും മിഥുവും അരുണ്‍ കൃഷണനും ചേർന്നാണ് വായോധികന്‍റെ വീട്ടിലെത്തിയത്. മൂവർ സംഘം വയോധികനെ ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷത്തിലധികം രൂപയുടെ ചെക്ക് ഒപ്പിട്ട് വാങ്ങിച്ചു. ഇതിനുശേഷവും ഭീഷണി തുടർന്നതോടെ വയോധികന്‍ നടന്ന സംഭവങ്ങൾ തന്‍റെ മകനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് മകന്‍ പൊലീസിനെ സമീപിച്ചത്.