പത്തനംതിട്ട: തിരുവല്ല പുളിക്കീഴിൽ പുഴയോരത്തെ ചതുപ്പിൽ മരിച്ചനിലയില്‍ കണ്ടെത്തിയ ആറുമാസം പ്രായമായ പെൺകുഞ്ഞിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂര്‍ത്തിയായി. കൊലപാതകം എന്ന നിഗമനത്തില്‍ എത്താനുള്ള തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലില്ലെന്നാണ് വിവരം. കുഞ്ഞിന്‍റെ ശരീരത്തില്‍ സംശയകരമായ പരിക്കുകളൊന്നും ഇല്ലെന്നാണ് കണ്ടെത്തല്‍.
മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടിയുടെ കൈകാലുകള്‍ നഷ്‌ടമായത് നായയുടെ കടിയേറ്റാണെന്നും കോട്ടയം മെഡിക്കല്‍ കോളജിൽ നടന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹത്തിന്‍റെ അരയില്‍ ജപിച്ചു കെട്ടിയ ചരടും കണ്ടെടുത്തിട്ടുണ്ട്. ഡയപ്പറും ബനിയനും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്നു കിടന്നിരുന്ന നിലയില്‍ ഉള്ള മൃതദേഹത്തിന്‍റെ മുഖമടക്കം അഴുകിയിരുന്നു.
ദുരൂഹത നീക്കാൻ രാസ പരിശോധന: മരിച്ച നവജാത ശിശുവിന്‍റെ ഇരുകാല്‍പാദങ്ങളും നഷ്‌ടപ്പെട്ടിട്ടുണ്ട്. മരിച്ച ശേഷം പെണ്‍കുഞ്ഞിനെ ചതുപ്പില്‍ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ ദുരൂഹത നീക്കാൻ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. നാടോടികൾ ഈ പ്രദേശം താവളമാക്കാറുണ്ട്. ഇവരെ ബന്ധപ്പെടുത്തിയും അന്വേഷണം നടക്കുന്നുണ്ട്.
ALSO READ | പുഴയോരത്തെ ചതുപ്പിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി; മേൽ നടപടികൾ സ്വീകരിച്ച് പൊലീസ്
തിരുവല്ല ഡിവൈഎസ്‌പിയുടെ കീഴില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തിരുവല്ല പുളിക്കീഴ് ജങ്‌ഷന് സമീപമുള്ള പുഴയോരത്തെ ചതുപ്പിൽ നിന്നും ഇന്നലെ വൈകിട്ട് 5.30നാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയത്.
നവജാത ശിശുവിനെ കൊന്ന കേസില്‍ അമ്മ പിടിയില്‍: അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ കുഞ്ഞിന്‍റെ അമ്മ ജൂലിയെ (36) പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ ജൂലൈ 15ന് വെളുപ്പിനായിരുന്നു ജൂലി വീടിന് സമീപത്തെ ശുചിമുറിയില്‍ പ്രസവിച്ചത്.
പ്രസവത്തിന് ശേഷം കത്രിക കൊണ്ടാണ് പൊക്കിള്‍കൊടി മുറിച്ച് മാറ്റിയത്. കുഞ്ഞിന്‍റെ കരച്ചില്‍ പുറത്ത് കേള്‍ക്കാതിരിക്കാന്‍ മൂക്കും വായും പൊത്തിപ്പിടിച്ചതോടെ കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനുള്ളിലെ ബക്കറ്റില്‍ കുഞ്ഞിന്‍റെ മൃതദേഹം സൂക്ഷിച്ച ശേഷം വീട്ടിലെ വെട്ടുകത്തി കൊണ്ട് കുഴിയെടുത്ത് കുഞ്ഞിനെ കുഴിച്ചുമൂടി.
വീടിന് സമീപത്തെ പൈപ്പിനടുത്താണ് നവജാതശിശുവിനെ അമ്മ കുഴിച്ചുമൂടിയത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇവര്‍ സ്ഥിരമായി സ്ഥലം പരിശോധിക്കാറുണ്ടായിരുന്നു. എന്നാല്‍ ജൂലൈ 18ന് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുഴി തെരുവുനായ്‌ക്കള്‍ മാന്തിയെടുത്തതായി കണ്ടു. തുടർന്ന് ജൂലി തന്നെ ഈ കുഴി മൂടുകയും ചെയ്‌തിരുന്നു. അഞ്ചുതെങ്ങ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജൂലിയെ അറസ്റ്റ് ചെയ്‌തത്.