പത്തനംതിട്ട: കോണ്‍ഗ്രസ് തിരുവല്ല ബ്ലോക്ക് കമ്മിറ്റി യോഗം കൂട്ടത്തല്ലിൽ കലാശിച്ചു. കഴിഞ്ഞ ദിവസം തിരുവല്ലയിലെ ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കിടയിൽ ചേരിതിരിവ് ഉണ്ടാകുകയും പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇന്ന് തിരുവല്ല വൈഎംസിഎ ഹാളിൽ ചേർന്ന ബ്ലോക്ക് കമ്മിറ്റി യോഗം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പ്രവർത്തകർ ചേരി തിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പരസ്‌പരം ആക്രമിക്കുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്‌തു. നേതാക്കള്‍ ഇടപെട്ടെങ്കിലും പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയില്ല. ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സംഘര്‍ഷം.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ബലമായി പുറത്താക്കുകയും ചെയ്‌തു. തിരുവല്ല പൊലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
Also Read: കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും