പത്തനംതിട്ട: തിരുവല്ല- അമ്പലപ്പുഴ സംസ്ഥാന പാതയില്‍ വെള്ളം കയറിയതിനെ തുടർന്ന് തിരുവല്ല ഡിപ്പോയില്‍ നിന്നും അമ്പലപ്പുഴ റൂട്ടിലേക്ക് ഉള്ള കെഎസ്ആർടിസി സർവീസുകൾ പൂർണമായും നിർത്തി. നെടുമ്പ്രം ഭാഗത്തെ റോഡില്‍ നൂറ് മീറ്റർ ദൂരത്ത് വെള്ളം ഉയർന്നതിനെ തുടർന്നാണ് സർവീസുകൾ നിർത്തിയത്.
തിരുവല്ലയിൽ നിന്നും വീയപുരം ലിങ്ക് ഹൈവേ വഴിയുള്ള സർവീസുകളും നിർത്തി. ആലപ്പുഴ, എടത്വ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ ചക്കുളത്ത്കാവ് വരെയെത്തി തിരികെ സർവീസ് നടത്തും. എടത്വ - ഹരിപ്പാട്, എടത്വ - ചമ്പക്കുളം, എടത്വ - തായങ്കരി എന്നീ സർവീസുകളും നിർത്തി വെച്ചിരിക്കുകയാണ്. അതേസമയം, തിരുവല്ല - കായംകുളം സംസ്ഥാന പാതയിലൂടെയുള്ള സർവീസുകൾക്ക് തടസമില്ലെന്ന് എടിഒ അജിത്ത് പറഞ്ഞു.