പത്തനംതിട്ട : പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്നും സന്നിധാനത്തേക്ക് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും . ളാഹ സത്രത്തിൽ നിന്നും പുറപ്പെട്ട ഘോഷയാത്ര നിലയ്ക്കൽ വഴി അട്ടത്തോട് വരെ റോഡിലൂടെയാണ് കടന്നു പോകുന്നത്. അട്ടത്തോട് കോളനിയിലെ ദർശനം കഴിഞ്ഞ് കാനനപാതയിലേക്ക് പ്രവേശിക്കും. കൊല്ലമൂഴി പമ്പാനദിയുടെ അക്കരെ കടന്ന് ഏട്ടപ്പടി ഒളിയമ്പുഴ വഴി ഉച്ചയോടെ വലിയാനവട്ടം എത്തും. വിശ്രമത്തിനു ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് സന്നിധാനത്തേക്കു തിരിക്കും.
ഘോഷയാത്ര ചെറിയാനവട്ടം മാലിന്യ സംസ്കരണ ശാലയ്ക്കു മുൻപിലൂടെ ഞുണങ്ങാർ കടന്ന് നീലിമലയിൽ പ്രവേശിക്കും. അവിടെ നിന്നും അപ്പാച്ചിമേട്, ശബരി പീഠം, മരക്കൂട്ടം എന്നിവ പിന്നിട്ട് ശരംകുത്തിയിൽ എത്തും. വൈകുന്നേരം ശരംകുത്തിയില്‍ എത്തിച്ചേരുന്ന ഘോഷയാത്രയെ വാദ്യമേളങ്ങളോടെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും. ആയിരക്കണക്കിന് അയ്യപ്പഭക്തന്‍മാരാണ് ഘോഷയാത്രയെ അനുഗമിക്കുന്നത്. പതിനെട്ടാം പടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടക്കും.