പത്തനംതിട്ട: തിരുവല്ലയിലെ കവിയൂർ ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ മോഷണ ശ്രമം. ദേവസ്വം ഓഫീസ് മുറിയിലാണ് കവർച്ചാ ശ്രമം നടന്നത്. ഓഫീസ് മുറിയുടെ ഗ്രില്ലിന്‍റെയും വാതിലിന്‍റെയും താഴ് തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചികളുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഓഫിസ് മുറിയിലെ അലമാര കുത്തിത്തുറന്നു. അലമാരയ്ക്കുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. ക്ഷേത്ര ഗോപുരത്തിന് സമീപമുള്ള മൂന്ന് കടകളിലും മോഷണ ശ്രമം നടന്നു. ഏകദേശം പതിനായിരം രൂപയുടെ കവര്‍ച്ച നടന്നിട്ടുണ്ടെന്ന് കണക്കാക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. തിരുവല്ല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ നാലിടത്താണ് പൂട്ടു പൊളിച്ച് മോഷണം നടന്നത്. ഞായറാഴ്ച രാത്രി കവിയൂർ എൻ.എസ്.എസ്. എൽ.പി.സ്‌കൂളിൽ മോഷണം നടന്നിരുന്നു. 3,500 രൂപയും ക്യാമറയുടെ ഹാർഡ് ഡിസ്‌ക്കുകളും മോഷണം പോയി. അന്വേഷണത്തിന് നിരവധി നൂതന മാർഗങ്ങൾ ഉണ്ടായിട്ടും പ്രതികളെ പിടികൂടാനാകാത്തത് പൊലീസിന്‍റെ വീഴ്ചയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.