പത്തനംതിട്ട: അടൂർ ഏനാത്ത് അതിഥി തൊഴിലാളികൾ നാട്ടിൽ പോകണമെന്ന ആവശ്യവുമായി തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇന്ന് രാവിലെ 10.30 ഓടെയാണ് ഏനാത്ത് ബിസ്മി സൂപ്പർ മാർക്കറ്റിന് സമീപം താമസിക്കുന്ന 250ഓളം അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവം അറിഞ്ഞ് ഏനാത്ത് സി.ഐ എസ് ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഇവരെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല.
തുടർന്ന് അടൂർ ഡെപ്യൂട്ടി തഹസീൽദാർ പി.ജെ ദിനേശ് സ്ഥലത്തെത്തി തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് ഇവർ പിരിഞ്ഞു പോകാൻ തയ്യാറായത്. പശ്ചിമബംഗാൾ മാൾഡ സ്വദേശികളാണ് ഇവർ. ഇവരെ ജൂൺ നാലിന് മെഡിക്കൽ ചെക്കപ്പ് നടത്തി ജൂൺ അഞ്ചിന് നാട്ടിലേക്ക് മടക്കി അയക്കാം എന്ന് ഉറപ്പു നൽകി.
ഈ തൊഴിലാളികൾ ലോക്ക് ഡൗണിന്‍റെ തുടക്കത്തിൽ ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നില്ല എന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. രണ്ട് മാസമായി ജോലിക്ക് പോകാത്തതിനാൽ വാടക കൊടുക്കാന്‍ തൊഴിലാളികൾക്ക് സാധിക്കുന്നില്ല. ഈ കാരണത്താൽ ഇവർ താമസിക്കുന്ന സ്ഥലത്തിന്‍റെ ഉടമസ്ഥരാണ് ഇവരെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.