പത്തനംതിട്ട: ജില്ലയിലെ പ്രധാന നെല്ലറയായ അപ്പര്‍കുട്ടനാട്ടിൽ കൊയ്ത്തിന് തുടക്കമായി. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കൊയ്ത്തുത്സവം ഒഴിവാക്കിയാണ് കൊയ്ത്ത് നടത്തിയത്. പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ പാടത്ത് തിങ്കളാഴ്ച വൈകീട്ടാണ് കൊയ്ത്ത് തുടങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച അഞ്ച് കൊയ്‌ത്ത് യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് വിളവെടുപ്പ്. മണിക്കൂറിന് 1800-1850 രൂപയാണ് കൂലി. വടവടി, പാണാകേരി, കൈപ്പുഴാക്ക എന്നീ പാടങ്ങളില്‍ 28-ന് മുമ്പ് വിളവെടുപ്പ് തുടങ്ങും.
വിളവെടുപ്പിന് മുന്നോടിയായി ചേരുന്ന യോഗങ്ങൾ ഇത്തവണ ഉണ്ടായില്ല. ഭൂരിപക്ഷം കര്‍ഷകരും സിവില്‍ സപ്ലൈസിന്‍റെ സംഭരണത്തിന് നെല്ല് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ഉണ്ടാകാനിടയുള്ള ഭക്ഷ്യധാന്യ ക്ഷാമം ഇല്ലാതാക്കാൻ കൊയ്തെടുക്കുന്ന നെല്ല് കാലതാമസം കൂടാതെ സംഭരണ ശാലകളിൽ എത്തിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം കർഷകർക്ക് ആശ്വാസം പകരുന്നതാണെന്ന് ജില്ലാ പഞ്ചായത്തംഗവും അപ്പര്‍കുട്ടനാട് നെല്‍കര്‍ഷക സംഘം പ്രസിഡന്‍റുമായ സാം ഈപ്പന്‍ പറഞ്ഞു.