കോട്ടയം: പത്തനംതിട്ട അടൂരിൽ 108 ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. പീഡനത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. വാർഡിൽ പരിശോധന നടത്തുന്നതിനിടെ നേഴ്സാണ് പെൺകുട്ടി ഫാനിൽ തുങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. തോർത്തുകൾ തമ്മിൽ കൂട്ടിക്കെട്ടിയായിരുന്നു ആത്മഹത്യ ശ്രമം.
സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ അമ്മ വസ്ത്രങ്ങൾ കഴുകിയിടുന്നതിന്നും മറ്റുമായി പുറത്ത് പോയിരുന്നു. രക്ഷപെടുത്തിയ പെൺകുട്ടിക്ക് പ്രഥമ ശുശ്രൂഷ നൽകി. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പെൺകുട്ടിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ ശേഷം പെൺകുട്ടി അധികൃതരോട് സംഭവം തുറന്ന് പറയുകയായിരുന്നു. ആരോഗ്യ പ്രവർത്തകർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് ആംബുലൻസ് ഡ്രൈവറായ കായംകുളം സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.