പത്തനംതിട്ട: നിരീക്ഷണത്തിലിരിക്കെ മരിച്ച വിജയകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ ഭാര്യയും മക്കളും കണ്ടത് മെബൈൽ വീഡിയോ കോൾ കോൺഫറൻസിലൂടെ. നെടുമ്പ്രം പൊടിയാടി നോബിൾ ഹൗസിൽ വിജയകുമാറിൻ്റെ (68) സംസ്‌കാര ചടങ്ങുകളാണ് ഭാര്യയും മഹിളാ മോർച്ച സംസ്ഥാന സമിതിയംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന രമാദേവിയും മക്കളും വിവിധ സ്ഥലങ്ങളിലായിരുന്ന് മൊബൈലിലൂടെ കണ്ടത്.
തിങ്കളാഴ്‌ച രാവിലെ 11 മണിയോടെ ആയിരുന്നു കൊവിഡ് നിർദേശങ്ങൾ പാലിച്ചുള്ള സംസ്‌കാര ചടങ്ങുകൾ. ഭാര്യ രമാദേവിയും ഇളയ മകൾ ബ്രൈറ്റിയും ഗുജറാത്തിലെ അഹമ്മദാബാദിലിരുന്നും മൂത്ത മകൾ നോബിളും കുടുംബവും ബാംഗ്ലൂരിലിരുന്നും മകൻ രോഹിതും ഭാര്യയും ലണ്ടനിലിരുന്നുമാണ് അന്ത്യ യാത്രാ ചടങ്ങുകൾ കണ്ടത്.
ഭാര്യ രമാദേവിയെയും കൂട്ടി അഹമ്മദാബാദിൽ വ്യോമസേനയിൽ നഴ്‌സായ മകൾ ബ്രൈറ്റിയെ സന്ദർശിക്കാൻ പോയ വിജയകുമാർ മാർച്ച് 22ന് തനിച്ച് നാട്ടിൽ മടങ്ങിയെത്തുകയായിരുന്നു. തുടർന്ന് ഗാർഹിക നിരക്ഷണത്തിൽ പ്രവേശിച്ചു. ഇതിനിടെ ഒമ്പതാം തീയതി വൈകുന്നേരം അഞ്ച് മണിയോടെ മുറിക്കുള്ളിൽ കുഴഞ്ഞു വീണ വിജയകുമാറിനെ തിരുവല്ല താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു, നിരീക്ഷണത്തിലിരിക്കെ മരിച്ചതിനാൽ സ്രവം ശേഖരിച്ച ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് സ്രവ പരിശോധനാ ഫലം ലഭിച്ചതോടെ മരണ കാരണം കൊവിഡല്ലെന്നും ഹൃദയാഘാതം മൂലമാണെന്നും ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. ഇതോടെയാണ് തിങ്കളാഴ്‌ച രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.
ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാനായി ഭാര്യ രമാദേവിയെ നാട്ടിലെത്തിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ഗുജറാത്ത് ബിജെപി ഘടകവുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ലോക്‌ഡൗൺ യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ ഇതിന് കഴിയാതെ വരികയായിരുന്നു. ഇതേ തുടർന്നാണ് സംസ്‌കാര ചടങ്ങുകൾ മൊബൈലിലൂടെ കാണിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്. രോഹിതിൻ്റെ അഭാവത്തിൽ വിജയകുമാറിൻ്റെ സഹോദരങ്ങളായ ശ്രീകുമാറും സോമനും ചേർന്നാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്.