പത്തനംതിട്ട : പുലർച്ചെ ബൈക്കിൽ റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. കോന്നി വകയാർ നടുവിലത്ത് ബെനഡിക്‌ട് ജോർജിനാണ് (52) കൊമ്പനാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ബൈക്കിൽ നിന്നും തെറിച്ചുവീണ ബെനഡിക്‌ട് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ ബെനഡിക്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. വകയാറിലെ വീട്ടിൽ നിന്നും കൊക്കാത്തോട്ടിലേക്ക് ടാപ്പിംഗിന് പോവുകയായിരുന്നു. വഴിയിലൊരിടത്ത് കാനയുടെ സമീപത്തുവച്ച് കാട്ടാനയുടെ മുന്നിൽപ്പെട്ടു.
ആന ബൈക്ക് ഇടിച്ചിട്ടതോടെ ബെനഡിക്‌ട് റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ ബെനഡിക്ടിന് മുകളിലൂടെ ആന സമീപത്തെ അച്ഛൻ കോവിലാറ്റിൽ ചാടി വനത്തിലേക്ക് മറഞ്ഞു. ആന പിന്തിരിഞ്ഞ് പോയതിനാലാണ് ബെനഡിക്ട് രക്ഷപ്പെട്ടത്.